03 November, 2017 07:07:05 PM


ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: കടകംപള്ളി സുരേന്ദ്രന്‍




കോട്ടയം: സംസ്ഥാനത്ത് ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം-സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ അരുവിക്കുഴി ടൂറിസം വികസനത്തിന്‍റെ ആദ്യഘട്ടവും ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ അതിരമ്പുഴയില്‍ ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ വിനിയോഗിക്കുന്നത് ജനത്തിന്‍റെ പണമാണ്. അത് നിരുത്തരവാദപരമായി ചിലര്‍ കൈകാര്യം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് 93 ശതമാനം ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും പദ്ധതികള്‍ ഏറ്റെടുത്ത് ഭരണാനുമതി നല്‍കുന്നത്. ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകണമെന്നതാണ് സര്‍ക്കാരിന്‍റെ നയം. ഇതിനായിട്ടാണ് ഉത്തരവാദിത്വ ടൂറിസം മിഷന്‍ രൂപീകരിച്ചത്. 




ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അതത് എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. കളക്ടര്‍, ഡിറ്റിപിസി സെക്രട്ടറി, കണ്‍വീനര്‍, കോണ്‍ട്രാക്ടറുടെ പ്രതിനിധി, ജനപ്രതിനിധികള്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ജോലികള്‍ക്ക് കലണ്ടര്‍ തയ്യാറാക്കി വേണ്ടപ്പോഴൊക്കെ കമ്മറ്റി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.

സംസ്ഥാനത്ത് ഇനി മേല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ടൂറിസം മേഖലയിലായികരിക്കുമെന്ന് മന്ത്രി ചൂണ്ടികാട്ടി. കോട്ടയം ജില്ലയില്‍ വൈക്കം പഞ്ചായത്തിനെ നോഡല്‍ പ്രോജക്ടായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അരുവിക്കുഴിയില്‍ നടന്ന യോഗത്തില്‍ പ്രൊഫ. എന്‍. ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥി ആയിരുന്നു. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി സ്വാഗതം പറഞ്ഞു. പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി അഞ്ചാനി ആമുഖ പ്രസംഗം നടത്തി. 

അതിരമ്പുഴ ചന്തക്കടവിന് സമീപം നടന്ന യോഗത്തില്‍ അഡ്വ.കെ.സുരേഷ്കുറുപ്പ് അദ്ധ്യക്ഷനായിരുന്നു. ജോസ്.കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി, ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി.മൈക്കിള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സ് വര്‍ഡീസ്, ഡിടിപിസി സെക്രട്ടറി ഡോ.ബിന്ദു നായര്‍ എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 47