03 November, 2017 12:51:05 PM


ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വീട്ടിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും



ആലപ്പുഴ: കായൽ കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ ഉന്തും തള്ളും. കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, ഡിസിസി അധ്യക്ഷൻ എം.ലിജു, മുൻ എംഎൽഎ എ.എ.ഷുക്കൂർ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകിയ മാർച്ച് പോലീസ് തടഞ്ഞതിന് പിന്നാലെയാണ് നേരിയ സംഘർഷം ഉടലെടുത്തത്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നു.

തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും അദ്ദേഹത്തിനെതിരേ ചെറുവിരൽ എങ്കിലും അനക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് എം.എം.ഹസൻ ആരോപിച്ചു. കേസിൽ അഡീഷണൽ എജി ഹാജരാകണമെന്ന് റവന്യൂമന്ത്രി ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്ന് പറയുന്ന എജിയാണ് സംസ്ഥാനത്തുള്ളത്. സിപിഐക്കും റവന്യൂമന്ത്രിക്കും മുഖ്യമന്ത്രി പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും അതാണ് എജിയുടെ മന്ത്രിക്കെതിരായ അവഹേളനത്തിന് കാരണമെന്നും ഹസൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഭാവം കണ്ടാൽ താൻ ജന്മിയും റവന്യൂമന്ത്രി കുടികിടപ്പുകാരനുമാണെന്ന് തോന്നുമെന്നും ഹസൻ കൂട്ടിച്ചേർത്തു.ആലപ്പുഴ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മന്ത്രിയുടെ വസതിക്ക് സുരക്ഷ ഒരുക്കിയിരുന്നു. 



Share this News Now:
  • Google+
Like(s): 54