03 November, 2017 12:00:17 PM


ചെന്നൈയിൽ കനത്ത മഴ ; പകർച്ചവ്യാധി ഭീഷണി, ജനജീവിതം സ്തംഭിച്ചു



ചെന്നൈ: കനത്ത മഴ തുടരുന്ന ചെന്നൈയിൽ ജനജീവിതം സ്തംഭിച്ചു. ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴയെത്തുടർന്ന് ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഓടയിലെയും സെപ്റ്റിക് ടാങ്കുകളിലെയും വെള്ളം നിരത്തുകളിൽ എത്തിയത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയും ചെന്നൈയുടെ വിവിധ മേഖലകളിൽ കനത്ത മഴ തുടർന്നു. സ്കൂളുകൾക്കും കോളജുകൾക്കും ഇന്നും അവധിയാണ്. ഐടി കന്പനികളിലെ ജീവനക്കാരോട് വീടുകളിൽ തന്നെയിരുന്ന ജോലി ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിലും മഴ കനക്കുന്നതിനാൽ ചെന്നൈ വീണ്ടും രൂക്ഷമായ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്.

2015 ഡിസംബറിന് ശേഷം ചെന്നൈയിൽ പെയ്ത ശക്തമായ മഴയാണ് വ്യാഴാഴ്ച രാത്രിയുണ്ടായത്. വ്യാഴാഴ്ച രാത്രി മാത്രം 150 സെന്‍റീമീറ്റർ മഴ പെയ്തുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക്. നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ അവസ്ഥയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ ഇടനാഴികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയിൽ ട്രെയിൻ ഗതാഗതവും തടസപ്പെട്ടതോടെ നഗരം ഒറ്റപ്പെട്ട അവസ്ഥയിലാണ്. 



Share this News Now:
  • Google+
Like(s): 39