02 November, 2017 06:33:04 PM


ഗെയിൽ പ്രക്ഷോഭം: മുക്കം എരഞ്ഞിമാവിൽ വീണ്ടും സംഘർഷം



കോഴിക്കോട്: കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഹർത്താൽ നടത്തുന്ന മുക്കം എരഞ്ഞിമാവ് പ്രദേശത്ത് വീണ്ടും സംഘർഷം. ഹർത്താലിനെ തുടർന്ന് സമരസമിതി റോഡ് ഉപരോധിക്കുകയും ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ഇത് മാറ്റാൻ പൊലീസെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. എരഞ്ഞിമാവിനടുത്ത് ഗോതമ്പ് റോഡിലാണ് പൊലീസ് ലാത്തിവീശിയത്.


പ്രതിഷേധക്കാരെ പിരിച്ചുവിടാൻ​ പൊലീസ്​ പലതവണ ഗ്രനേഡ്​ പ്രയോഗിച്ചു. പൊലീസ്​ ലാത്തിചാർജിൽ നിരവധി പേർക്ക്​ പരിക്കേറ്റു. സംഘർഷത്തെ തുടർന്ന്​ 200 ഒാളം പൊലീസുകാരെ പ്രദേശത്ത്​ വിന്യസിച്ചിട്ടുണ്ട്​. റോഡിലെ തടസ്സം നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇന്ന് രാവിലെ കല്ലേറുണ്ടായിരുന്നു. തടസ്സം മാറ്റിയതോടെ ഏതാനും പേർ വീണ്ടും പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ നേരിടാനായി റോഡുകളിലും ഊടുവഴികളിലൂം വീടുകൾ കേന്ദ്രീകരിച്ചും പൊലീസുകാർ തെരച്ചിൽ നടത്തി.


ജനവാസ മേഖലകളിലൂടെ ഗെയിൽ പൈപ്പ്​ ലൈൻ സ്​ഥാപിക്കുന്നതിനെതിരെ എരഞ്ഞിമാവിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരം നടന്നുവരികയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്​ പ്രക്ഷോഭകർ.   



Share this News Now:
  • Google+
Like(s): 46