02 November, 2017 06:09:54 PM


ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കുവൈറ്റ് നിര്‍ത്തിവെച്ചു



കുവൈറ്റ് : ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രി. നഴ്‌സുമാരുടെയും മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെയും നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി പറഞ്ഞു. സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നിന്നും മികച്ച ടെക്‌നീഷ്യന്മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യണമെന്നാണ് ആരോഗ്യമന്ത്രാലയം ആഗ്രഹിക്കുന്നത്. എന്നാല്‍, ഇന്ത്യാ ഗവണ്‍മെന്റുമായി കൂടുതല്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷം നടപടി ക്രമങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കും റിക്രൂട്ട്‌മെന്റ് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയ ആരോഗ്യമന്ത്രാലയത്തിന്റെ നടപടി വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.

ഇതിനിടെ, കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേയ്‌ക്കെന്ന് പറഞ്ഞ് ചെന്നെയില്‍ നഴ്‌സിങ് ഇന്റര്‍വ്യൂ നടക്കുന്നതായി പലര്‍ക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രിതന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്തരം ഇന്റര്‍വ്യൂകള്‍ അംഗീകൃതമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 271