02 November, 2017 05:17:24 PM


ബിന്‍ ലാദന്‍റെ വീഡിയോ ശേഖരത്തില്‍ കാര്‍ട്ടൂണ്‍ പരമ്പരകളും ജാക്കിചാന്‍ ഷോകളും



വാഷിംഗ്ടണ്‍: അല്‍ ഖൊയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദനുമായി ബന്ധപ്പെട്ട 470,000 രേഖകള്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി പുറത്ത് വിട്ടു. ലാദന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാകിസ്താനിലെ അബോട്ടാബാദിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളാണ് സി.ഐ.എ പുറത്ത് വിട്ടത്. ബിന്‍ ലാദന്റെ ഒളിവു ജീവിതത്തെക്കുറിച്ച് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വിട്ടത്. ഭീകരതയിലൂടെ ലോകത്തെ വിറപ്പിച്ച ലാദന്റെ കാര്‍ട്ടൂണ്‍ സിനിമകളും നാഷണല്‍ ജിയോഗ്രഫിക് ചാനലിന്റെ പരിപാടികളുടെ ശേഖരവുമുണ്ട്.


ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണിന്റെ ശേഖരവും ലാദന്റെ കൈവശമുണ്ടായിരുന്നു. ഹാസ്യ സിനിമകളും ജാക്കിചാന്‍ ടിവി സിനിമകളും ലാദന്റെ സ്വകാര്യ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ സിഡികള്‍ ഉള്‍പ്പെടെ ലാദന്‍ സൂക്ഷിച്ചിരുന്നു എന്നതിന്റെ അര്‍ത്ഥം ലാദന്‍ കുടുംബമായാണ് അബോട്ടാബാദില്‍ താമസിച്ചിരുന്നതെന്നതിന്റെ സൂചനയാണെന്ന് സി.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അബോട്ടാബാദിലെ ഒളിസങ്കേതത്തില്‍ വച്ച് 2011ലാണ് അമേരിക്കന്‍ സൈന്യം ലാദനെ കൊലപ്പെടുത്തിയത്.


ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്റെ പ്രായമായതിന് ശേഷമുള്ള ആദ്യ വീഡിയോ ദൃശ്യവും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഹംസ ബിന്‍ ലാദന്റെ കുട്ടിക്കാല ചിത്രങ്ങള്‍ മാത്രമേ ഇതുവരെ പുറത്ത് വന്നിട്ടുള്ളൂ. ഹംസ ബിന്‍ ലാദന്റെ വിവാഹ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. ലാദന്റെ ഒളിസങ്കേതത്തില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ഇത് നാലാം തവണയാണ് സി.ഐ.എ പുറത്ത് വിടുന്നത്. നേരത്തെ 20015 മെയ്, 2016 മാര്‍ച്ച്, ഈ വര്‍ഷം ജനുവരി മാസങ്ങളില്‍ ലാദനുമായി ബന്ധപ്പെട്ട രേഖകള്‍ സി.ഐ.എ പുറത്ത് വിട്ടിരുന്നു.



Share this News Now:
  • Google+
Like(s): 40