01 November, 2017 02:40:55 PM


തൊഴിലാളി പ്രതിഷേധം: മന്ത്രി ഫ്ളാഗ് ഓഫ് ചെയ്യാതെ സ്കാനിയ സർവീസ് ആരംഭിച്ചു



തിരുവനന്തപുരം: കെഎസ്ആർടിസി സ്കാനിയ ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് തുടങ്ങുന്നതിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഗതാഗതമന്ത്രി തോമസ് ചാണ്ടി പിന്മാറി. സിഐടിയു ഒഴികയുള്ള തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് തിരുവനന്തപുരം തന്പാനൂർ ബസ് സ്റ്റാൻഡിൽ നടക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയത്. മന്ത്രി ഫ്ളാഗ് ഓഫ് ചെയ്യാതെ തന്നെ വാടക സ്കാനിയ സർവീസ് തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു.

കോർപ്പറേഷൻ സ്വകാര്യവത്കരിക്കുന്നതിന്‍റെ തുടക്കമാണ് സർക്കാർ നടപടിയെന്ന് ആരോപിച്ചായിരുന്നു യൂണിയനുകളുടെ പ്രതിഷേധം. മന്ത്രിയെ ഉദ്ഘാടനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തൊഴിലാളി യൂണിയനുകൾ അണിനിരന്നതോടെ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു. കെഎസ്ആർടിസി മുൻ എംഡി എം.ജി.രാജമാണിക്യമാണ് വാടകയ്ക്ക് ബസ് എടുത്ത് ഓടിക്കുന്ന ആശയം മുന്നോട്ടുവച്ചത്.

ഒരു കോടിയോളം രൂപ വിലവരുന്ന സ്കാനിയ ബസുകൾ വാങ്ങി സർവീസ് നടത്തുന്നതിലും ലാഭകരമാകും വാടക ബസ് എന്ന ആശയം മുൻനിർത്തിയാണ് കോർപ്പറേഷൻ മുന്നോട്ടുപോകുന്നത്. വാടക ബസിന്‍റെ അറ്റകുറ്റപ്പണികളും സ്കാനിയ കന്പനിയുടെ ചുമതലയായിരിക്കും എന്നതിനാൽ കെഎസ്ആർടിസിക്ക് ചിലവ് കുറയും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ എതിർപ്പുമായി പ്രതിപക്ഷ യൂണിയനുകൾ ഉൾപ്പടെ രംഗത്തുവന്നിരുന്നു. 



Share this News Now:
  • Google+
Like(s): 24