31 October, 2017 11:27:17 PM


ആണവായുധ പരീക്ഷണം: ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് ഇരുനൂറിലധികം മരണം



സോള്‍: ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയയിലെ മിസൈല്‍ പരീക്ഷണ മേഖലയായ പ്യൂഗെരിയില്‍ ടണല്‍ തകര്‍ന്ന് വീണ് 200 പേര്‍ കൊല്ലപ്പെട്ടു. നിര്‍മ്മാണം നടന്നു കൊണ്ടിരുന്ന ടണലാണ് തകര്‍ന്നു വീണത്. കൊറിയന്‍ സ്രോതസുകളെ ഉദ്ധരിച്ച് ജാപ്പനീസ് ചാനലായ ആഷി ടെലിവിഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്. ആദ്യമുണ്ടായ അപകടത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ടണല്‍ തകര്‍ന്ന് മരണസംഖ്യ ഇരുനൂറിലധികമായി ഉയര്‍ന്നു.

സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ കാരണമെന്നാണ് വിലയിരുത്തല്‍. ആറ്റം ബോംബിനേക്കാള്‍ ആറിരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ സെപ്റ്റംബറില്‍ പരീക്ഷിച്ചത്. ഉത്തര കൊറിയയുടെ ആറാമത്തെ ആണവായുധ പരീക്ഷണമായിരുന്നു ഇത്. പരീക്ഷണം ടണലില്‍ ഉണ്ടാക്കിയ ബലക്ഷയമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ആണവ പരീക്ഷണത്തെ തുടര്‍ന്ന് പര്‍വതങ്ങളുടെ അടിവാരത്തില്‍ 60 മുതല്‍ 100 മീറ്റര്‍ വരെ വിള്ളലുണ്ടായതായി മീറ്ററോളജിക്കല്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായ ആണവ പരീക്ഷണത്തെ തുടര്‍ന്ന് പ്യുഗെരി മേഖലയ്ക്ക് ബലക്ഷയമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ആറാമത് ആണവ പരീക്ഷണത്തിന് ശേഷം മേഖലയില്‍ ചെറു ഭൂചലനങ്ങളും മണ്ണിടിച്ചിലും വ്യാപകമാണ്. ഉത്തര കൊറിയ ആദ്യ ആണവ പരീക്ഷണം നടത്തിയ ടണല്‍ അടച്ചു പൂട്ടി. രണ്ടാമത്തെ ടണല്‍ അഞ്ച് പരീക്ഷണങ്ങള്‍ക്ക് കൂടി ദേവിയാകുമെന്നാണ് റിപ്പോര്‍ട്ട്.



Share this News Now:
  • Google+
Like(s): 21