30 October, 2017 12:50:03 PM


കൊല്ലം ചവറയിൽ പഴയ ഇരുമ്പുപാലം തകർന്ന് വീണ് മൂന്ന് പേര്‍ മരിച്ചു



കൊല്ലം: ചവറയിൽ കെഎംഎംഎല്ലിന്‍റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലേക്കുള്ള പഴയ ഇരുമ്പുനടപാലം തകർന്ന് വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു. ചവറ കൊല്ലക പാലാഴിയില്‍ (കൈരളി) ശ്യാമളാദേവി (56), പന്മന മേക്കാട് ജിജിവിന്‍ വില്ലയില്‍ അന്നമ്മ (44), ഫിലോമിനാ മന്ദിരത്തില്‍ ഏയ്ഞലീന (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 46 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. കൊല്ലം ജില്ലാ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രാവിലെ പത്തര മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ദേശീയജലപാതയുടെ ഭാഗമായ ടി.എസ്.കനാലിന് കുറുകെയുള്ള പാലമാണ് കാലപഴക്കം കൊണ്ടും നിയന്ത്രണമില്ലാതെ ആളുകല്‍ തിങ്ങികയറിയതുകൊണ്ടും തകര്‍ന്ന് വീണത്. സമരം ചെയ്തുവരുന്ന മൈനിംഗ് തൊഴിലാളികള്‍ പ്രകടനത്തിനു ശേഷം പുറത്തേക്കും ജീവനക്കാര്‍ അകത്തേക്കും കടക്കുവാന്‍ പാലത്തില്‍ തിങ്ങികയറുകയായിരുന്നു. ഇവരെല്ലാം കായലിൽ വീണു.

നാട്ടുകാരാണ് വെള്ളത്തിൽ വീണവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്യാമളാദേവി കരനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു. മറ്റ് രണ്ട് പേരുടെ മൃതദേഹം വെള്ളത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. പഴയ ഇരുമ്പുപാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അധികൃതരുടെ കനത്ത അനാസ്ഥയാണ് ഇത്തരമൊരു ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. പാലത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന പരിശോധന തുടരുകയാണ്. 



Share this News Now:
  • Google+
Like(s): 77