30 October, 2017 01:11:02 AM


ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്‌, ആറ്‌ റണ്‍ ജയം



കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യക്ക്‌. കാണ്‍പുരില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ആറ്‌ റണ്‍ ജയം നേടിയാണ്‌ ഇന്ത്യ 2-1 നു പരമ്പര സ്വന്തമാക്കിയത്‌. റണ്ണൊഴുകിയ ഗ്രീന്‍പാര്‍ക്ക്‌ സ്‌റ്റേഡിയത്തില്‍ അവസാന ഓവറിലാണു ഫലമറിഞ്ഞത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ആറ്‌ വിക്കറ്റിന്‌ 337 റണ്ണെന്ന കുറ്റന്‍ സ്‌കോര്‍ നേടി. വിടാതെ പിന്തുടര്‍ന്ന ന്യൂസിലന്‍ഡ്‌ അവസാന പന്ത്‌ എറിയുമ്പോള്‍ ഏഴിന്‌ 331 റണ്ണെന്ന നിലയിലായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 15 റണ്‍. ഡെത്ത്‌ ബൗളിങ്‌ സ്‌പെഷലിസ്‌റ്റ് ജസ്‌പ്രീത്‌ ബുംറ എറിഞ്ഞ ഓവറില്‍ പിറന്നത്‌ എട്ടു റണ്‍ മാത്രം. 

രോഹിത്‌ ശര്‍മയും (138 പന്തില്‍ 147) നായകന്‍ വിരാട്‌ കോഹ്ലിയും (106 പന്തില്‍ 113) നേടിയ സെഞ്ചുറികളാണ്‌ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. മറുപടി ബാറ്റിങ്ങില്‍ കിവീസിനായി കോളിന്‍ മുണ്‍റോ (62 പന്തില്‍ 75), നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (84 പന്തില്‍ 64), ടോം ലാതം (52 പന്തില്‍ 65) എന്നിവരുടെ പോരാട്ടം മത്സരം ആവേശകരമാക്കി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്ത്‌ സിക്‌സറിനു പറത്തിയ കോളിന്‍ മണ്‍റോ ഓവറില്‍ 19 റണ്ണുമടിച്ചു. മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരുന്ന ഭുവനേശ്വര്‍ ഇന്നലെ 10 ഓവറില്‍ വഴങ്ങിയത്‌ 92 റണ്ണാണ്‌. സഹ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌ടില്‍ (10) പെട്ടെന്നു മടങ്ങിയെങ്കിലും കെയ്‌ന്‍ വില്യംസണും മണ്‍റോയും ചേര്‍ന്ന്‌ 105 പന്തില്‍ 109 റണ്ണെടുത്തു. 

ഈ കൂട്ടുകെട്ടിനെ ലെഗ്‌ സ്‌പിന്നര്‍ യുത്സവേന്ദ്ര ചാഹാലാണു തകര്‍ത്തത്‌. ചാഹാല്‍ ആദ്യം മുണ്‍റോയെയും പിന്നാലെ വില്യംസണിനെയും പുറത്താക്കി. ഇന്ത്യക്കു വേണ്ടി ബുംറ മൂന്നു വിക്കറ്റെടുത്തു. ഏകദിനത്തില്‍ നാല്‌ ഇരട്ട സെഞ്ചുറി കൂട്ടുകളെന്ന ചരിത്ര നേട്ടം കുറിച്ചാണു രോഹിത്‌ ശര്‍മയും കോഹ്ലിയും മടങ്ങിയത്‌. ന്യൂസിലന്‍ഡ്‌ ബൗളിങ്ങിനെ ചതച്ചരച്ച അവര്‍ 211 പന്തില്‍ 230 റണ്ണെടുത്തു. രോഹിത്‌ 15-ാം ഏകദിന സെഞ്ചുറിയും കോഹ്ലി 32-ാം ഏകദിന സെഞ്ചുറിയുമാണു കുറിച്ചത്‌. രോഹിത്‌ ശര്‍മ മത്സരത്തിലെ താരവും കോഹ്ലി പരമ്പരയിലെ താരവുമായി



Share this News Now:
  • Google+
Like(s): 192