28 October, 2017 12:43:26 PM


കായല്‍ കൈയേറ്റം: റവന്യൂ മന്ത്രിക്ക് പിന്തുണയുമായി സിപിഐ

തൊടുപുഴ: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ റവന്യൂ മന്ത്രിക്ക് ശക്തമായ പിന്തുണയുമായി സിപിഐ രംഗത്ത്. കേസിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തന്പാൻ ഹാജരാകണമെന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍റെ ആവശ്യം എജി തള്ളിയതിന് പിന്നാലെയാണ് പാർട്ടി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. അഡ്വക്കേറ്റ് ജനറൽ സർക്കാരിന് മുകളിൽ അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകും. എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഒരു നിയമമാണ് ഉള്ളത്. ഭൂമി കൈയേറ്റ വിഷയത്തിൽ തോമസ് ചാണ്ടി തെറ്റുകാരനാണെങ്കിൽ നടപടിയെടുക്കും. എന്നാൽ തോമസ് ചാണ്ടി രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനജാഗ്രതാ യാത്രയിലെ വിവാദങ്ങൾക്ക് പ്രസക്തിയില്ല. ഇടതുസർക്കാർ ജനപക്ഷത്താണ് നിൽക്കുന്നത്. പാർട്ടിക്ക് ജനങ്ങളുടെ ഇടയിൽ വേരുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് കലിപൂണ്ട് നിൽക്കുകയാണ്. അതിനാലാണ് അദ്ദേഹം ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. 



Share this News Now:
  • Google+
Like(s): 48