26 October, 2017 06:37:20 PM


പുഞ്ചകൃഷിക്ക് വിത്തെറിയാന്‍ ഒരു മാസം മാത്രം; കര്‍ഷകര്‍ ആശങ്കയില്‍കോട്ടയം: പുഞ്ചകൃഷിയ്ക്ക് വിത്തെറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അധികൃതര്‍ മുഖം തിരിച്ചു നില്‍ക്കുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക. കൃഷിയിറക്കുന്നതിന് മുന്നോടിയായി ഏറ്റുമാനൂര്‍ പേരൂര്‍ പുഞ്ചപാടശേഖരത്തിലെ കര്‍ഷകര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നഗരസഭാ ചെയര്‍മാനെയും കൃഷി ഓഫീസറെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ഇരുവരും യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. 


അടുത്ത നവംബര്‍ ഇരുപതാം തീയതി മുതല്‍ ഡിസംബര്‍ അഞ്ച് വരെ തീയതികളില്‍ വിത്തെറിയാനാണ് കര്‍ഷകരുടെ നീക്കം. ഏക്കറിന് നാല്‍പത് കിലോഗ്രാം നെല്‍വിത്താണ് കഴിഞ്ഞ വര്‍ഷം വരെ നല്‍കിയിരുന്നത്. ഇക്കൊല്ലം അത് 35 കിലോ ആയി വെട്ടിക്കുറച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ കുറവുള്ള പാടശേഖരങ്ങളില്‍ കുറഞ്ഞത് 60 കിലോ വിത്തെങ്കിലും ആവശ്യമുണ്ടെന്നിരിക്കെയാണ് നിലവിലുള്ള അളവ് വെട്ടികുറച്ചത്. കഴിഞ്ഞ വര്‍ഷത്തെ സബ്സിഡി പല കര്‍ഷര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. അന്വേഷണത്തില്‍ എല്ലാവര്‍ക്കും 4500 രൂപാ പ്രകാരം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായാണ് കൃഷിഭവനിലെ രേഖകളില്‍ നിന്ന് അറിയുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. അതേസമയം കിട്ടിയവര്‍ക്ക് ഭാഗികമായി മാത്രമാണ് തുക ലഭിച്ചത്.  


പാടശേഖരത്തിലെ അഞ്ച് കൈതോടുകളുടെ നവീകരണത്തിന് രണ്ടര ലക്ഷം രൂപയുടെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൃഷിയിറക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം വിപുലപ്പെടുത്തുമെന്ന് ഒരു വര്‍ഷം മുമ്പ് നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ വാഗ്ദാനം നല്‍കിയെങ്കിലും നടപടിയായില്ല. കുഴിചാലിപ്പടിയ്ക്ക് സമീപം കുത്തിയതോട് പാലത്തിന് സമീപം മോട്ടോര്‍പുരയും ഷട്ടറും സ്ഥാപിക്കുന്നതിന് പെരുമ്പായിക്കാട് വില്ലേജില്‍  നിന്നും അഞ്ച് സെന്‍റ് സ്ഥലം ഒരു വര്‍ഷം മുമ്പ് ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയുടെ പേരില്‍ പതിച്ചു നല്‍കിയിരുന്നു. മോട്ടോര്‍പുരയ്ക്കായി രണ്ട് ലക്ഷം രൂപാ നഗരസഭയുടെ കരട് പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതി പൂര്‍ണ്ണമാകണമെങ്കില്‍ ഈ തുക പോരെന്ന് കര്‍ഷകര്‍ ചൂണ്ടികാട്ടിയതോടെ ഉള്ളതും ഇല്ലാണ്ടായി. ഈ തുക വകമാറ്റി ചെലവഴിക്കുകയാണുണ്ടായതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.


കഴിഞ്ഞ കൃഷിയില്‍ കൊയ്ത്ത് കഴിഞ്ഞ് പാടശേഖരത്തെ വയ്ക്കോല്‍ കത്തിച്ചുകളയുന്നതിനും കളനാശിനി ഉപയോഗിച്ച്  വരിനെല്ല് പൂര്‍ണ്ണമായി നശിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക്  ആവശ്യത്തിന് സമയം ലഭിച്ചിരുന്നില്ല. കുടിവെള്ള ക്ഷാമത്തിന്‍റെ പേരില്‍ ഇറിഗേഷന്‍ കനാല്‍ വഴി തെള്ളകം - പേരൂര്‍ പാടശേഖരങ്ങളിലേക്ക് മീനച്ചിലാറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്തത് നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു.  അന്ന് വിളഞ്ഞ് നിന്ന നെല്ലും വെള്ളത്തിനടിയിലായിരുന്നു. കര്‍ഷകരോടുള്ള അധികൃതരുടെ സമീപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ ഒരു വിഭാഗം കര്‍ഷകര്‍ പാടശേഖരസമിതി എന്‍.എ.ലൂക്കാ, മോന്‍സി പേരുമാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ കര്‍ഷകദിനത്തില്‍ വായ്മൂടികെട്ടി സമരം നടത്തിയിരുന്നു.


ഇന്ധനവില കൂടിയതും കര്‍ഷകരെ ബാധിച്ചിട്ടുണ്ട്. നിലം ഉഴുതുമറിക്കുന്നതിന് ട്രാക്ടറിന് മണിക്കൂറിന് ഇപ്പോള്‍ ആയിരം രൂപയും അതിലധികവും വാടകയിനത്തില്‍ ഈടാക്കുന്നുണ്ട്. കള കയറി നില്‍ക്കുന്ന പാടശേഖരം ഉഴുതു മറിക്കുകയും വിത്ത് സംഘടിപ്പിക്കുകയും ഉള്‍പ്പെടെ അടിസ്ഥാനമായി ചെയ്യേണ്ട കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് വന്‍ബാധ്യതയാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആവശ്യമായ ഉപദേശവും സഹായവും നല്‍കേണ്ട കൃഷി ഓഫീസറും ഉദ്യോഗസ്ഥരും തങ്ങളോട് മുഖം തിരിക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം ഏറ്റുമാനൂര്‍ കൂടാതെ ആര്‍പ്പൂക്കര കൃഷിഭവന്‍റെയും ചാര്‍ജുള്ളത് കൊണ്ട് കൃഷി ഓഫീസര്‍ക്ക് എല്ലായിടത്തും ഒരുപോലെ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. Share this News Now:
  • Google+
Like(s): 514