19 October, 2017 09:56:33 AM


മലചവിട്ടി ശബരീശനെ വണങ്ങി ദിലീപ്; ഇനി കമ്മാരസംഭവത്തിലേക്ക്

 


പത്തനംതിട്ട: ചലച്ചിത്രതാരം ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയതു മുതല്‍ താരം ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു. സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ താരം നെയ്യഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് താരം മടങ്ങിയത്. ഇന്നലെ വൈകിട്ടോടെ പമ്പയിലെത്തിയ താരം രാത്രിയോടെ തന്നെ ദിലീപ് മല ചവിട്ടുകയായിരുന്നു. ഇന്ന് രാവിലെയാണ് താരം ദര്‍ശനം നടത്തിയത്. വൃതമെടുത്ത് ഇരുമുടിക്കെട്ടുമേന്തിയാണ് ദിലീപ് മലചവിട്ടിയത്. നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ പിഎയും താരത്തിനൊപ്പം ശബരിമലയില്‍ എത്തിയതെന്ന് സൂചനയുണ്ട്. നാലു പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.


ദര്‍ശനത്തിന് ശേഷം രണ്ട് മേല്‍ശാന്തിമാരേയും തന്ത്രിയേയും കണ്ടു. ദിലീപിനെ മേല്‍ശാന്തിമാര്‍ പുതുമന ഗണപതിയുടെ ചിത്രം നല്‍കി സ്വീകരിച്ചു. മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരുയുടെ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് പുതുമന ഗണപതി. മാളികപ്പുറം ദര്‍ശനത്തിന് ശേഷം മേല്‍ശാന്തിമാരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ദിലീപ്.


ദര്‍ശനത്തിന് ശേഷം അടുത്ത ദിവസം തന്നെ ദിലീപ് കമ്മാരസംഭവത്തിന്റെ സെറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. മുരളിഗോപിയുടെ തിരക്കഥയില്‍ പരസ്യചിത്ര സംവിധായകനായ രതീഷ് അമ്പാട്ടാണ് ചിത്രം ഒരുക്കുന്നത്. പാലക്കാടും അതിര്‍ത്തിയിലാണ് കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് നടക്കുന്നത്



Share this News Now:
  • Google+
Like(s): 81