18 October, 2017 11:22:20 AM


തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു; ഇല്ലെന്ന് മന്ത്രിയുടെ ഓഫീസ്




തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നത്. ഈ മാസം അവസാനം മുതൽ അവധിയെടുക്കാനാണ് നീക്കം. അവധിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി സംസാരിച്ചതായാണ് സൂചന. വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 


തോമസ് ചാണ്ടിക്കെതിരായ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ വ്യാഴാഴ്ച റവന്യു മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയിൽ പോകുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് കായൽ സ്ഥലം മണ്ണിട്ടു നികത്തിയാണ് നിർമിച്ചതെന്ന് കളക്ടറുടെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കൈയ്ക്കു സ്വാധീന കുറവുണ്ടെന്നും ഇതിന്‍റെ ചികിത്സയ്ക്കായി അടുത്ത മാസം ആദ്യം വിദേശത്ത് പോകുന്നതിനാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. 

അതേ സമയം മന്ത്രി അവധിയില്‍ പോകാന്‍ അപേക്ഷ നല്‍കിയെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് കൊണ്ട് തോമസ് ചാണ്ടിയുടെ ഓഫിസ് പിന്നിട് രംഗത്തെത്തി. ചികിത്സാര്‍ഥം മന്ത്രി അവധിയില്‍ പ്രവേശിക്കുന്നെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫിസ് വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.

ഈ മാസം അവസാനത്തോടെ മന്ത്രി ഒരു മാസത്തേക്ക് അവധിയില്‍ പോകുമെന്ന പ്രചാരണം നിക്ഷിപ്ത താല്‍പര്യത്തോടെയാണെന്നും അവധിക്ക് അപേക്ഷിച്ച് മന്ത്രി കത്ത് നല്‍കുകയോ വാക്കാല്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഓഫിസ് ചൂണ്ടിക്കാട്ടി.



Share this News Now:
  • Google+
Like(s): 106