04 February, 2016 04:08:54 PM


കൊല്ലം നഗരം ഇ-മാലിന്യമുക്തമാക്കുമെന്ന് മേയര്‍



കേരള സര്‍ക്കാര്‍ സ്‌ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡുമായി സഹകരിച്ചു കൊല്ലം നഗരത്തെ സമ്പൂര്‍ണ ഇ-മാലിന്യ വിമുക്‌ത നഗരമാക്കുന്നതിനുള്ള ബൃഹദ്‌പദ്ധതിക്കു കൊല്ലം കോര്‍പറേഷന്‍ തുടക്കം കുറിച്ചു. ഇ-മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടു മാലിന്യശേഖരണത്തിന്റെ കോര്‍പറേഷന്‍ തല ഉദ്‌ഘാടനം കൊല്ലം എസ്‌.എന്‍. വനിതാകോളജില്‍ മേയര്‍ വി. രാജേന്ദ്രബാബു നിര്‍വഹിച്ചു.


 കോളജ്‌ ശേഖരിച്ച പഴയ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ട്യൂബ്‌ ലൈറ്റുകളും ഏറ്റുവാങ്ങിയാണു പദ്ധതിക്കു തുടക്കം കുറിച്ചത്‌. 29നു അവസാനിക്കുന്ന പ്രവര്‍ത്തനത്തിലൂടെ നഗരത്തെ ഇ-മാലിന്യമുക്‌ത നഗരമാക്കി മാറ്റാന്‍ ഉദേശിച്ചുകൊണ്ടുള്ളതാണ്‌ പദ്ധതി. ഇ-മാലിന്യശേഖരണം നഗരത്തില്‍ നാലുരീതിയില്‍ നടപ്പാക്കാനാണ്‌ ഉദേശിക്കുന്നത്‌

. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുമായി സഹകരിച്ചു ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ ഇ-മാലിന്യം കിലോയ്‌ക്ക് 25 രൂപാ നിരക്കില്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ചു ക്ലീന്‍ കേരള കമ്പനിക്കു കൈമാറും. ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട കോ-ഓഡിനേഷന്‍ നിര്‍വഹിക്കുന്നതിനായി കോളജുകളിലെ എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസറെയും എന്‍.എസ്‌.എസ്‌. വാളന്‍ഡിയര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഇതോടൊപ്പം കോര്‍പറേഷന്റെ വിവിധ സോണുകളിലും ഇ-മാലിന്യം ശേഖരിക്കുന്നതിനു കളക്ഷന്‍ പോയന്റുകള്‍ സ്‌ഥാപിക്കും.

എല്ലാ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും വ്യവസായസ്‌ഥാപനങ്ങള്‍ക്കും നഗരവാസികള്‍ക്കും ഇ-മാലിന്യം കളക്ഷന്‍ പോയന്റുകളില്‍ നല്‍കാം. 

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്‌ അധ്യക്ഷത വഹിച്ചു. സ്‌ഥിരം സമിതി അധ്യക്ഷരായ എസ്‌. ജയന്‍, ചിന്ത എല്‍. സജിത്‌, അഡ്വ. ഷീബാ ആന്റണി, ടി.ആര്‍. സന്തോഷ്‌കുമാര്‍, കൗണ്‍സിലര്‍ റീന സെബാസ്‌റ്റ്യന്‍, ആര്‍.ഡി.ഒ. എം. വിശ്വനാഥന്‍, ക്ലീന്‍ കേരള കമ്പനി മാനേജിങ്‌ ഡയറക്‌ടര്‍ കബീര്‍ ബി. ഹാറൂന്‍, ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ ജി. ജോഷ്‌, വനിതാ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ളി പി. ആനന്ദ്‌ എന്നിവര്‍ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K