17 October, 2017 12:37:50 AM


കരാറുകാര്‍ പിന്‍വാങ്ങുന്നു; സംസ്ഥാനത്ത് പൊതുമരാമത്ത് പണികൾ അനിശ്ചിതത്വത്തിൽ



തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് പണികൾ പ്രതിസന്ധിയിൽ. മഴക്കാലത്തിന് മുന്നോടിയായി റോഡ് അറ്റകുറ്റപ്പണിക്ക് വകയിരുത്തിയ 300 കോടി രൂപയിൽ വെറും പത്ത് ശതമാനം മാത്രമാണ് ഇതുവരെ  ചെലവഴിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ കണക്ക്. വകുപ്പ് മന്ത്രിയുടെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശനനിലപാടിനു പുറമെ ജിഎസ്ടി ഏര്‍പ്പെടുത്തിയതും മൂലം കരാറേറ്റെടുക്കാനാളില്ലാതെ വന്നതോടെയാണത്രേ പണികള്‍ മുടങ്ങി തുടങ്ങിയത്. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ 80 ശതമാനം പണിയാണ് ഏറ്റെടുക്കാനാളില്ലാതെ കിടക്കുന്നത്. 


റോഡിലെ കുഴിയടക്കലും അറ്റകുറ്റപ്പണിയും യുദ്ധകാലാടിസ്ഥാനത്തിൽ തീര്‍ക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവ്. പക്ഷെ റോഡിലെ കുഴിയേക്കാൾ അപകടം ജിഎസ്ടി കുരുക്കാണെന്ന നിലപാടിലാണ് കരാറുകാർ. റോഡ് പണിക്ക് ഉണ്ടായിരുന്ന നാല് ശതമാനം കോമ്പൗണ്ടിംഗ് നികുതി ജിഎസ്ടി വന്നതോടെ 12 മുതൽ 18 ശതമാനം വരെയായി ഉയര്‍ന്നു. ഒപ്പം നിര്‍മ്മാണ സാമഗ്രികളുടെ വിലക്കൂടുതലും ക്ഷാമവും കാരണം പണി ഏറ്റെടുത്താൽ മുതലാകില്ലെന്ന നിലപാടിലേക്ക് കരാറുകാര്‍ മാറി. 


വലുതും ചെറുതുമായി പതിനായിരത്തിലധികം വരുന്ന പൊതുമരാമത്ത് കരാറുകാര്‍ പണിയേറ്റെടുക്കാനോ ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കാനോ തയ്യാറാകുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ മാത്രം അയ്യായിരത്തോളം കരാറുകാരാണ് നിസ്സഹകരണത്തിലേക്ക് നീങ്ങിയത്. ഡിസംബറിൽ തീര്‍ക്കേണ്ട 60 ശതമാനം പണിയിൽ ഇതുവരെ തീര്‍ന്നത് 20 ശതമാനം മാത്രം. 


ജിഎസ്ടി ഏകീകരണത്തിന് നടപടി ആവശ്യപ്പെട്ട് കരാറുകാരുടെ വിവിധ സംഘടനകൾ ദേശീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. നാല് ശതമാനത്തിൽ കൂടുതലുള്ള നികുതി കരാര്‍തുകയിൽ ഉൾപ്പെടുത്തുന്നതടക്കം നിര്‍ദ്ദേശങ്ങൾ ചൊവ്വാഴ്ച ധനമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തിൽ ചര്‍ച്ചയാകുമെന്നാണ് സൂചന. അതേസമയം, മഴക്കാലത്തിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണി പോലും സമയത്ത് നടക്കാതെ റോഡ് പണി അവതാളത്തിലായതോടെ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുവാനും സാധ്യതയുണ്ട്. 



Share this News Now:
  • Google+
Like(s): 67