15 October, 2017 08:30:07 AM


വേങ്ങരയിൽ വോട്ടെണ്ണൽ ആരംഭിച്ചു; പോസ്റ്റൽ വോട്ട് ഒന്നു മാത്രം



മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തുടക്കമായി. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 15 മിനിറ്റിനുള്ളിൽ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടാണെന്ന് അറിയിച്ചിരുന്നെങ്കിലും ആകെ ലഭിച്ചത് ഒരേയൊരു പോസ്റ്റൽ വോട്ട് മാത്രമാണ്.


ആദ്യഫല സൂചനകള്‍ യു.ഡി.എഫിനൊപ്പം. എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കെ.എന്‍.എ ഖാദര്‍ 433 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ഒന്നു മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. ഖാദര്‍ 2015 വോട്ടുകളും എല്‍.ഡി.എഫിലെ പി.പി ബഷീര്‍ 1651 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി 40 വോട്ടുകളും നേടിയിട്ടുണ്ട്.


മുസ്ലീം ലീഗിന് മുന്നേറ്റമുള്ള പഞ്ചായത്താണിത്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്നെ മുന്നില്‍ വരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ യു.ഡി.എഫിനു ലഭിച്ചതുപോലെ ഒരു കുതിപ്പ് ആദ്യഘട്ടത്തില്‍ കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്. വേങ്ങരയില്‍ പോള്‍ ചെയ്ത ഏക പോസ്റ്റല്‍ വോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്കാണ് ലഭിച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ അന്തിമഫലമറിയാമെന്നാണു കരുതുന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.


യുഡിഎഫ് സ്ഥാനാർഥിയായി കെ.എൻ.എ. ഖാദറും, എൽഡിഎഫ് സ്ഥാനാർഥിയായി പി.പി. ബഷീറും ബിജെപി സ്ഥാനാർഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുൾപ്പെടെ ആകെ ആറു സ്ഥാനാർഥികൾ ജനവിധി തേടി. ലോക്സഭാംഗമായതിനെത്തുടർന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പു വേണ്ടിവന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വേങ്ങരയിൽ ഇത്തവണ എൽഡിഎഫും ശക്തമായ പ്രചാരണമാണു കാഴ്ചവച്ചത്



Share this News Now:
  • Google+
Like(s): 61