12 October, 2017 07:46:04 PM


ഏറ്റുമാനൂര്‍ - നീണ്ടൂര്‍ - കല്ലറ റോഡിന്‍റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - നീണ്ടൂര്‍ - കല്ലറ റോഡിന്‍റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേന്ദ്ര റോഡ് നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തി ബിഎം&ബിസി നിലവാരത്തില്‍ നവീകരിക്കുന്ന റോഡില്‍ അഞ്ച് കലുങ്കുകളുടെ നിര്‍മ്മാണമാണ് ആദ്യം ആരംഭിച്ചത്. ഒപ്പം റോഡിലെ സംരക്ഷണഭിത്തികളുടെ നിര്‍മ്മാണവും ആരംഭിച്ചു. എന്‍എച്ച് വിഭാഗത്തിനാണ് പണികളുടെ ചുമതല.


ഏറ്റൂമാനൂര്‍ മുതല്‍ കല്ലറ വരെ ആദ്യഘട്ടവും നീണ്ടൂര്‍ പ്രാവട്ടം മുതല്‍ വില്ലൂന്നി വഴി പനമ്പാലം വരെ രണ്ടാം ഘട്ടവുമായി പതിനേഴ് കോടി രൂപയ്ക്കുള്ള ഒറ്റ പ്രവൃത്തിയായാണ് റോഡ് പണി നടക്കുന്നത്. എന്നാല്‍ പലയിടത്തും റോഡിന് വീതിയില്ലാത്തതും അധികൃതരെ കുഴയ്ക്കുന്നുണ്ട്. നീണ്ടൂര്‍ പ്രാവട്ടം മുതല്‍ കല്ലറ വരെ റോഡിന് ആവശ്യത്തിന് വീതിയില്ല. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ ഏറ്റുമാനൂര്‍  മുതല്‍ പ്രാവട്ടം വരെയുള്ള പണികളാണ് നിലവില്‍ നടക്കുന്നത്.


നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ പഞ്ചായത്ത് പരിധിയില്‍  റോഡിന് പത്ത് മീറ്റര്‍  വീതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. നിലവിലെ റോഡില്‍ ടാറിംഗ് നടത്തിയിരിക്കുന്നത് അഞ്ചര മീറ്റര്‍ വീതിയിലാണ്. ഇത് മുഴുവന്‍ പൊട്ടിപൊളിഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ലാതായി മാറിയ സാഹചര്യത്തിലാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഏഴ് മീറ്റര്‍ വീതിയിലാണ് ആധുനികരീതിയില്‍ പുതിയ ടാറിംഗ് നടക്കുക. സ്ഥലപരിമിതി അനുഭവപെടുന്ന നീണ്ടൂര്‍ - കല്ലറ ഭാഗത്ത്  യഥാസമയം സ്ഥലം വിട്ടുകിട്ടുന്നില്ലാ എങ്കില്‍ നിലവിലുള്ള വീതിയനുസരിച്ച് ടാറിംഗ് പൂര്‍ത്തീകരിക്കാനാണ് അധികൃതരുടെ നീക്കം. 


ഒരു വര്‍ഷത്തിനകം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓണംതുരുത്ത്, കാരിസ്ഭവന്‍, കൈപ്പുഴകവല, സ്കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലായി അഞ്ച് കലുങ്കുകളുടെ പണിയാണ് ആദ്യം ആരംഭിച്ചത്. ഇത് അവസാനഘട്ടത്തിലാണ്. ഏറ്റുമാനൂര്‍ മുതല്‍ നീണ്ടൂര്‍ വരെ പണി പൂര്‍ത്തിയായാലും ഏറ്റുമാനൂരിലെ റയില്‍വേ ഓവര്‍ബ്രിഡ്ജിന്‍റെ പണികള്‍ പൂര്‍ത്തിയാകാതെ റോഡ് പൂര്‍ണ്ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കാനാവില്ല. 

പുതിയ മേല്‍പാലം ഡിസംബറില്‍ തുറന്നുകൊടുക്കുമെന്നാണ് പഴയ പാലം പൊളിച്ച സമയത്ത് റയില്‍വേ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പാലം പൊളിച്ചുമാറ്റി എന്നല്ലാതെ പുതിയ പാലത്തിന്‍റെ പണികള്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. ഇതുവരെ അടിത്തറയിടുന്നതിനുള്ള നടപടികള്‍ പോലുമായിട്ടില്ല. ഇരട്ടപാതയാക്കുന്നതും പുതിയ റെയില്‍വേ സ്റ്റേഷന്‍റെ നിര്‍മ്മാണവും പ്ലാറ്റ്ഫോമിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും മേല്‍പാലത്തിന്‍റെ നിര്‍മ്മാണത്തേയും ബാധിക്കുമെന്നാണ് പറയുന്നത്.  



Share this News Now:
  • Google+
Like(s): 201