11 October, 2017 09:40:31 PM


ഏറ്റുമാനൂര്‍ നഗരസഭ: പിഎംഎവൈ ഭവന പദ്ധതി ലിസ്റ്റിലുള്ളവര്‍ വായ്പ നിരസിക്കുന്നുഏറ്റുമാനൂർ: പി എം എ വൈ പദ്ധതി പ്രകാരം ഭവനവായ്പ അനുവദിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സര്‍ക്കാര്‍ സഹായം വേണ്ടെന്നു വെയ്ക്കുന്നു. ഏറ്റുമാനൂര്‍ നഗരസഭയില്‍ ഒന്നാം ഘട്ടത്തില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ച് സഹായധനത്തിന് തെരഞ്ഞെടുക്കപ്പെട്ട 198 പേരില്‍ 28 പേര്‍ മാത്രമാണ് ബുധനാഴ്ച വരെ എഗ്രിമെന്‍റ് വെച്ചത്. രണ്ടാം ഘട്ടം ഡിപിആര്‍  സമര്‍പ്പിക്കാനുള്ള അവസാനതീയതി വ്യാഴാഴ്ച ആണെന്നിരിക്കെയാണ് ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ വായ്പ സ്വീകരിക്കുന്നതില്‍  നിന്നും കൂട്ടത്തോടെ പിന്തിരിയുന്നത്.


ഒന്നാം ഘട്ട പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടപ്പോള്‍ അനര്‍ഹരായവര്‍ ലിസ്റ്റില്‍ കടന്നുകൂടുകയും സഹായധനത്തിന്  അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആളുകള്‍ക്കാണ് സാധാരണയായി ഇത്തരം സഹായങ്ങള്‍ ലഭിക്കുക. പിഎംഎവൈ സ്കീമില്‍ മൂന്ന് ലക്ഷം രൂപയാണ് ഒരാള്‍ക്ക് ഭവനവായ്പയായി ലഭിക്കുക. ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ 50000 രൂപയും എസ് സി വിഭാഗക്കാര്‍ 30000 രൂപയും എസ്ടി വിഭാഗക്കാര്‍ 24000 രൂപയും തങ്ങളുടെ വിഹിതമായി അടയ്ക്കണമെന്നാണ് വ്യവസ്ഥ. വായ്പയുടെ അവസാന ഗഡു ലഭിക്കും മുമ്പ് ഇത് നാല് തവണകളായി അടയ്ക്കാനും സൗകര്യമുണ്ടായിരുന്നു. ആശ്രയപദ്ധതി പ്രകാരമുള്ള അപേക്ഷകര്‍ക്ക് വിഹിതം അടയ്ക്കേണ്ടതില്ല.


താമസയോഗ്യമായ വീടുള്ളവരായിരുന്നു ഒരു വര്‍ഷം മുമ്പ് ഒന്നാം ഘട്ടത്തില്‍  ധനസഹായത്തിന് അപേക്ഷിച്ചവരില്‍ കൂടുതലും.  വായ്പ ലഭിക്കുന്നതിന് സെക്യൂരിറ്റി വേണ്ടതില്ല എന്ന ധാരണയിലായിരുന്നു ചില കൗണ്‍സിലര്‍മാരുടെ ഒത്താശയോടെ അനര്‍ഹരും ലിസ്റ്റില്‍ കടന്നു കൂടിയത്. നിലവില്‍ താമസിക്കുന്ന വീടിന്‍റെ അറ്റകുറ്റപണികള്‍ നടത്തുക എന്ന ഉദ്ദേശത്തോടെ അപേക്ഷ സമര്‍പ്പിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇതിനായി അപേക്ഷയോടൊപ്പം ഹാജരാക്കുവാന്‍ തങ്ങളുടെ വീട് താമസയോഗ്യമല്ലാത്തതാണ് എന്ന സര്‍ട്ടിഫിക്കറ്റ് കൂടി നഗരസഭാ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവര്‍ സമ്പാദിച്ചിരുന്നു.


ഡിപിആര്‍ പാസായി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിലാണ് വായ്പ ലഭിക്കണമെങ്കില്‍ ഗുണഭോക്താക്കളുടെ ആധാരം നഗരസഭയില്‍ പണയപ്പെടുത്തണം എന്ന വിവരം കൗണ്‍സിലര്‍മാര്‍ പോലും അറിയുന്നത്. വായ്പയ്ക്കായി അപേക്ഷിച്ചവരില്‍ ഭൂരിഭാഗത്തിന്‍റെയും ആധാരം ഭവനവായ്പകള്‍ ഉള്‍പ്പെടെ മറ്റ് വായ്പകള്‍ക്കായി ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയായിരുന്നു. ഇതോടെ ലിസ്റ്റില്‍ കയറിപ്പറ്റിയ പലരും പിന്നോക്കം പോയി. ഇതിനിടെയാണ് ഒന്നാം ഘട്ട ഡിപിആറിലെ അറുപത് ശതമാനം പേര്‍ എഗ്രിമെന്‍റ് വെച്ചില്ലെങ്കില്‍ ഭവനവായ്പ നഷ്ടമാവുമെന്ന ശ്രുതി പരന്നത്. ഇതോടെ നഗരസഭാ അധികൃതര്‍ തങ്ങളുടെ പരിധിയിലെ ബാങ്കുകളുടെ യോഗം വിളിച്ചു ചേര്‍ത്തു. നഗരസഭ ബാങ്കുമായി വെയ്ക്കുന്ന ഒരു കരാറിന്‍റെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വായ്പ നല്‍കാം എന്ന ധാരണയുമായി. 


തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളില്‍ അമ്പത് പേരോളം വീട് പണിയുന്നതിന് പെര്‍മിറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. പക്ഷെ ബുധനാഴ്ച വരെ എഗ്രിമെന്‍റ് വെച്ചവര്‍ പേര്‍ മാത്രമാണ്. ഇതിനിടെ എഗ്രിമെന്‍റ് വെച്ച ഗുണഭോക്താക്കള്‍ക്ക് കൃത്യസമയത്ത് ആദ്യഗഡു നല്‍കുന്നതിലും തടസമുണ്ടായി. ഒക്ടോബര്‍ ന് ആദ്യഗഡു വിതരണം ചെയ്തുകൊണ്ട് പദ്ധതി നടത്തിപ്പിന്‍റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. കൗണ്‍സിലര്‍മാരുമായി പിണങ്ങിയ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചതോടെ ഈ പരിപാടിയും നീണ്ടു. അവധിയില്‍ പ്രവേശിച്ച സെക്രട്ടറി ചാര്‍ജ് സൂപ്രണ്ടിന് കൈമാറിയെങ്കിലും ചെക്ക് ഒപ്പിടാനുള്ള അവകാശം കൈമാറിയിരുന്നില്ല. 


ബുധനാഴ്ച  നടന്ന കൗണ്‍സില്‍ യോഗം അടിയന്തിരമായി ഇതിന് പരിഹാരം കാണണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരത്തോടെ ചെക്ക് ഒപ്പിടുവാനുള്ള അവകാശം പൊതുമരാമത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് കൈമാറികൊണ്ടുള്ള ഉത്തരവ് ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ചതായി ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സൂസന്‍ തോമസ് പറഞ്ഞു. സ്ഥലം എം.എല്‍.എ കെ.സുരേഷ്കുറുപ്പിന്‍റെ കൂടി സൗകര്യം നോക്കി ഏറ്റവും അടുത്ത ദിവസം തന്നെ നിലവിലുള്ളവര്‍ക്ക് തുക കൈമാറുന്ന ചടങ്ങ് സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.Share this News Now:
  • Google+
Like(s): 324