04 February, 2016 12:41:00 PM


വരുമാന നികുതി ; അടിസ്ഥാനപരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കും



കൊച്ചി : അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്  കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുമ്പോള്‍ ബജറ്റില്‍ ശമ്പള വരുമാനക്കാര്‍ക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നാണ് നിക്ഷേപക ലോകം വിലയിരുത്തുന്നു. അടിസ്ഥാന പരിധിയായ 2.5 ലക്ഷമെന്നത് ജീവിത ചെലവ് വര്‍ധിച്ചത് പരിഗണിച്ച് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. അതോടൊപ്പം 80സി പ്രകാരമുള്ള നിക്ഷേപ പരിധി 1.5 ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്.

2014-15 സാമ്പത്തിക വര്‍ഷമാണ് നിക്ഷേപ പരിധി 1.5 ലക്ഷമാക്കി ഉയര്‍ത്തിയത്. കഴിഞ്ഞ ബജറ്റിലും ഇതുതന്നെ തുടര്‍ന്നു. ശമ്പള വരുമാനക്കാരുടെ നിര്‍ബന്ധ നിക്ഷേപമായ പിഎഫ് ഈ വിഭാഗത്തിലാണ് വരുന്നത്. 80സിയില്‍ ഭൂരിഭാഗവും പിഎഫ് നിക്ഷേപം വരുന്നതിനാല്‍ മറ്റ് നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവായതിനാലാണ് പരിധി കൂട്ടുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതത്രേ. 

ഉയര്‍ന്ന വരുമാനക്കാര്‍ക്ക്  മറ്റ് നിക്ഷേപ പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ഇപ്പോള്‍ കഴിയുന്നില്ല. വരുമാനമനസരിച്ച് പരിധിയില്‍ വ്യത്യാസം വരുത്തണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.  ഇന്‍ഫ്ര ബോണ്ടുകളിലെ നിക്ഷേപത്തിനുള്ള ആദായ നികുതി ഇളവ് പുനഃസ്ഥാപിക്കണമെന്നും  ആവശ്യമുയര്‍ന്നിട്ടുണ്ട്. 

നിലവില്‍ ഭവനവായ്പയുടെ പലിശയ്ക്ക് 24ബി പ്രകാരം രണ്ട് ലക്ഷം രൂപവരെയാണ് ആനുകൂല്യമുള്ളത്.  നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമാണ് ആനുകൂല്യം ഇതുവരെ അനുവദിച്ചിരുന്നത്. പരിധി ഉയര്‍ത്തുന്നതോടൊപ്പം നിര്‍മാണകാലയളവിലും ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. 15,000 രൂപവരെയുള്ള മെഡിക്കല്‍ അലവന്‍സ്, പ്രതിമാസം 100 രൂപവരെയുള്ള കുട്ടിയുടെ വിദ്യഭ്യാസ അലവന്‍സ്, 300 രൂപവരെയുള്ള കുട്ടിയുടെ ഹോസ്റ്റല്‍ അലവന്‍സ് തുടങ്ങിയ പരിധികളിലും കാലോചിതമായ വര്‍ധനവുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K