09 October, 2017 08:36:18 PM


ഐഎസ് ബന്ധം: മലയാളി അടക്കം 2 പേര്‍ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയരായി



കൊച്ചി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എന്‍.ഐ.എ അന്വേഷണം നടക്കുന്ന കേസില്‍ ചോദ്യം ചെയ്യലിനായി മലയാളി അടക്കം 2 പേര്‍ എന്‍.ഐ.എയുടെ കൊച്ചി ഓഫീസില്‍ ഹാജരായി. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തെ താമസക്കാരനായ മലയാളി റഹ്മത്തുള്ളയും അമീറുമാണ് ഇന്ന് കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരായത്. 


കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്‍.ഐ.എക്ക് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ മേട്ടുപ്പാളയത്തെ വസതിയിലെത്തി സമന്‍സ് നല്‍കിയത്. തുടര്‍ന്ന് അമീര്‍ മേട്ടുപ്പാളയം പോലീസില്‍ ഹാജരാകുകയും എന്‍.ഐ.എ, ഐ.ബി, തമിഴ്നാട് രഹസ്യാന്വേഷണ സേന തുടങ്ങിയവരുടെ ചോദ്യം ചെയ്യലിന് വിധേയമാകുകയും ചെയ്തു. 


റഹ്മത്തുള്ളയെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുഹൃത്തിനൊപ്പം കൊടൈക്കനാലില്‍ യാത്രയിലായിരുന്നുവെന്ന് റഹ്മത്തുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് മറുപടി നല്‍കിയിരുന്നു. മേട്ടുപ്പാളയത്തെ അഭിഭാഷകരോടൊപ്പമാണ് അമീര്‍ നടത്തുന്ന സെല്‍ഫോണ്‍ കടയിലെ തൊഴില്‍ പങ്കാളിയും സ്വകാര്യ ആംബുലന്‍സ് ഡ്രൈവറുമായ റഹ്മത്തുള്ള എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. 


കഴിഞ്ഞ മാര്‍ച്ച്‌ മാസം മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് ആവശ്യമായ രേഖകള്‍ നല്‍കി അഞ്ച് സിം കാര്‍ഡുകള്‍ വാങ്ങുകയും വിദേശത്തടക്കം തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന ഫോണ്‍ നമ്ബറുകളിലേക്ക് വിളിക്കുകയും ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇരുവരെയും ചോദ്യം ചെയ്യലിനായി എന്‍.ഐ.എ വിളിപ്പിച്ചത്.



Share this News Now:
  • Google+
Like(s): 49