05 October, 2017 11:26:44 AM


'ഗണപതിക്കും' കൊമേഴ്‌സ് പരീക്ഷ നടത്തി ബീഹാര്‍ യൂണിവേഴ്‌സിറ്റി


 

പാറ്റ്‌ന : പരീക്ഷയ്ക്ക് കയറുമ്പോള്‍ പലപ്പോഴും പരീക്ഷ നന്നായിരിക്കണേ എന്ന് പലരും പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവം വന്ന് ഒന്നു പരീക്ഷ എഴുതി തന്നിരുന്നെങ്കിലെന്നു പോലും ആഗ്രഹിക്കാറുമുണ്ട്, പക്ഷേ ഒന്നുംനടക്കാറില്ല. എന്നാല്‍ ഇത്തരത്തിലുള്ള അപൂര്‍വ്വമായ ഒരു അവസരമാണ് ബീഹാര്‍ ലളിത് നാരായണ്‍ മിഥില യുണിവേഴ്‌സിറ്റി കൃഷ്ണ കുമാര്‍ റോയി എന്ന വിദ്യാര്‍ത്ഥിക്ക് യൂണിവേഴ്‌സിറ്റി നല്‍കിയിരിക്കുന്നത്.


നെഹേര ജവഹര്‍ലാല്‍ നെഹ്‌റു കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൃഷ്ണ കുമാര്‍ പരീക്ഷ എഴുതാനായി യുണിവേഴ്‌സിറ്റിക്കു മുമ്പാകെ അപേക്ഷ നല്‍കി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ഹാള്‍ടിക്കറ്റ് അയച്ചു. എന്നാല്‍ ഹാള്‍ടിക്കറ്റ് കണ്ടപ്പോള്‍ വലിയ ഞെട്ടലാണ് എല്ലാവര്‍ക്കും ഉണ്ടായത്. കൃഷ്ണ കുമാറിന്റെ ഫോട്ടോയ്ക്ക് പകരം ഗണപതിയുടെ ഫോട്ടോയായിരുന്നു ഹാള്‍ടിക്കറ്റില്‍ ഉണ്ടായത്.


ഫോട്ടോയ്‌ക്കൊപ്പം അതിന്റെ അടിയില്‍ ഗണേഷ് എന്ന പേരില്‍ ഗണപതിയുടെ ഒപ്പും ഉണ്ടായിരുന്നു. ഒക്ടോബര്‍ നാലിനായിരുന്നു കൃഷ്ണ കുമാറിന്റെ പരീക്ഷ ആരംഭിച്ചത്. ഇത് എഴുതാനായി ഒരു പാട് കഷ്ടപ്പാടുകളാണ് കുമാറിന് അനുഭവിക്കേണ്ടി വന്നത്. എന്നാല്‍ തെറ്റ് സംഭവിച്ചു എന്ന് മനസ്സിലായിട്ടും പെട്ടെന്ന് ഹാള്‍ടിക്കറ്റ് തിരുത്തി നല്‍കാന്‍ പോലും യൂണിവേഴ്‌സിറ്റി തയ്യാറായില്ല. കുറെ തവണ യൂണിവേഴ്‌സിറ്റി കയറി ഇറങ്ങിയപ്പോഴാണ് കുമാറിന് പ്രത്യേക ഹാള്‍ടിക്കറ്റ് ലഭിച്ചതും പരീക്ഷ എഴുതാന്‍ സാധിച്ചതും.


ഓണ്‍ലൈന്‍ വഴിയാണ് വിദ്യര്‍ത്ഥികള്‍ പരീക്ഷക്കായുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. അതുകൊണ്ട് കുമാര്‍ അപേക്ഷ നല്‍കിയപ്പോള്‍ നെറ്റ് കഫേയില്‍ നിന്നുമാണ് ഫോട്ടോയും ഒപ്പും മാറിയിട്ടുണ്ടാവുക എന്ന വിശദീകരണമാണ് ഹാള്‍ ടിക്കറ്റില്‍ ഫോട്ടോ മാറിയ സംഭവത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കിയത്



Share this News Now:
  • Google+
Like(s): 74