30 September, 2017 12:17:54 PM


ചാലക്കുടി കൊലപാതകം: പോലീസ് അറിഞ്ഞത് അഡ്വ.ഉദയഭാനുവിന്‍റെ ഫോണില്‍ നിന്നും
കൊച്ചി: കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന വിവരം ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദിനെ ഫോണില്‍ ആദ്യം അറിയിച്ചത് അഡ്വ. സി.പി. ഉദയഭാനുവെന്ന്. കാണാതായ രാജീവ് അബോധാവസ്ഥയില്‍ ആണെന്നും എത്രയും പെട്ടെന്ന് സ്ഥലത്തെത്തിയാല്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നുമാണ് അറിയിച്ചത്. രാജീവ് കിടക്കുന്ന സ്ഥലം എവിടെയെന്ന് ഡിവൈ.എസ്.പി. ചോദിച്ചെങ്കിലും അക്കാര്യത്തില്‍ ഉദയഭാനുവിനു വ്യക്തതയുണ്ടായിരുന്നില്ല.


തുടര്‍ന്ന്, കേസിലെ മുഖ്യസൂത്രധാരനായ അങ്കമാലിയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റുകാരന്‍ ചക്കര ജോണിയെ ഉദയഭാനു ഫോണില്‍ വിളിച്ച്‌ ഡിവൈ.എസ്.പിയോട് സ്ഥലം എവിടെയെന്ന് അറിയിക്കാന്‍ നിര്‍ദേശിച്ചെന്നാണു പോലീസ് പറയുന്നത്. ഇതനുസരിച്ച്‌ ചക്കര ജോണി അല്‍പസമയത്തിനകം തന്നെ ഡിവൈ.എസ്.പിയെ വിളിച്ച്‌ രാജീവ് കിടക്കുന്ന സ്ഥലം അറിയിക്കുകയായിരുന്നു. ഉദയഭാനുവും ചക്കര ജോണിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡിവൈ.എസ്.പിയും സംഘവും രാജീവ് കിടക്കുന്ന സ്ഥലം കണ്ടെത്തിയതും കൊലപാതകം സ്ഥിരീകരിച്ചതും. ഈ സാഹചര്യത്തില്‍ അഡ്വ. ഉദയഭാനുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. 


സര്‍ക്കാരിന് ഏറെ താല്‍പ്പര്യമുള്ള അഭിഭാഷകനായതിനാല്‍ വളരെ ശ്രദ്ധയോടെയാണത്രേ പോലീസ് അന്വേഷണം. കോളിളക്കമുണ്ടായ നിരവധി കേസുകളില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരാകുന്ന ആളാണ് ഉദയഭാനു. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെ സ്റ്റാന്‍ഡിങ് കോണ്‍സലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭയക്കേസില്‍ ഉള്‍പ്പെടെ പ്രതിഭാഗത്തിനുവേണ്ടി കോടതികളില്‍ നിയമപോരാട്ടം നടത്തി ശ്രദ്ധേയനായിട്ടുണ്ട്. 


കൊലപാതകം സ്ഥിരീകരിക്കും മുമ്പേ ഉദയഭാനുവിന്‍റെയും ചക്കര ജോണിയുടെയും ഫോണ്‍ ലഭിച്ച സാഹചര്യത്തില്‍ ചാലക്കുടി ഡിവൈ.എസ്.പിയെ കേസില്‍ സാക്ഷിയാക്കി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. ഉദയഭാനുവിന്‍റെ അറസ്റ്റിലേക്കു തന്നെ കാര്യങ്ങള്‍ നീണ്ടേക്കുമെന്നാണ് സൂചന. ചക്കര ജോണി കസ്റ്റഡിയിലായാലേ കുറ്റകൃത്യത്തിന്‍റെ ഗൂഢാലോചനയില്‍ ഉദയഭാനു നേരിട്ട് പങ്കാളിയാണോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. 


ഇതിനിടെ പ്രതി ജോണി വിദേശത്തേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നു രാജ്യങ്ങളിലെ വിസ ജോണിക്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഉന്നത രാഷ്ട്രീയ ബന്ധമാണ് ജോണിയെ ഒളിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ അങ്കമാലി ചക്കര ജോണിക്ക് പുറമെ രഞ്ജിത് പൈനാടത്തും ഒളിവിലാണ്. കൊല്ലപ്പെട്ട രാജീവും ഉദയഭാനുവും ജോണിയും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് പണമിടപാടുകള്‍ ഉണ്ടായിരുന്നു. ജോണിക്ക് മൂന്നു കോടിയോളം രൂപയും ഉദയഭാനുവിന് 70 ലക്ഷം രൂപയും രാജീവ് നല്‍കാനുണ്ടെന്നാണു പ്രാഥമിക നിഗമനം. കേസിലെ ഒളിവിലുള്ള മറ്റൊരു പ്രതിയായ രഞ്ജിത്തിന് 20 ലക്ഷം രൂപ നല്‍കാനുള്ളതായും പോലീസ് പറയുന്നു.


വസ്തു ഇടപാടിലെ പണം തിരികെ ലഭിക്കാനായി പോലീസിനെ കൂട്ടുപിടിച്ചു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് രാജീവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മനോരോഗിയെ ഉപയോഗിച്ച്‌ രാജീവിനെ വധിക്കുമെന്നുപോലും ഒരുഘട്ടത്തില്‍ ഭീഷണിയുയര്‍ന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍, ഹൈക്കോടതിയുടെ സംരക്ഷണ ഉത്തരവുണ്ടായിട്ടും രാജീവിനു പോലീസ് സംരക്ഷണം ലഭിച്ചില്ല.


ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍ നേരിട്ടാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം നടത്തുന്നത്. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറും റൂറല്‍ എസ്.പി. യതീഷ് ചന്ദ്രയും അന്വേഷണം ഏകോപിപ്പിക്കുന്നു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഷംസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല കൈമാറി.Share this News Now:
  • Google+
Like(s): 75