30 September, 2017 06:28:03 AM


അടിയന്തര സാഹചര്യങ്ങളില്‍ സഹായവുമായി കേരളാ പൊലീസിന്‍റെ ആപ്പുകള്‍ റെഡി

തിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനുമായി കേരള പൊലീസ് രൂപം നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍/ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗലോഡ് ചെയ്യാം.

രക്ഷാ ആപ്പ് 

പൊലീസ് സംബന്ധിയായ പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പാണ് രക്ഷ. ആന്‍ഡ്രോയിഡ്/ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ആപ്പ് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍വഴിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പൊലീസ് സേവനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ സുതാര്യതയോടെ എത്തിക്കുന്നതിന് കഴിയുംവിധമാണ് രക്ഷ തയ്യാറാക്കിയിരിക്കുന്നത്.സ്റ്റേഷന്‍ എസ്.എച്ച്‌.ഒ മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവരുടെ ഫോണ്‍ നമ്ബരുകള്‍, വിവിധ യൂണിറ്റുകളിലെ ഫോണ്‍ നമ്ബരുകള്‍ ഉള്‍പ്പെടെയുള്ള പൊലീസ് ടെലിഫോണ്‍ ഡയറക്ടറി ഇതില്‍ ലഭ്യമാണ്. തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളും ഓരോ പ്രദേശത്തിന്റേയും അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനും കണ്ടെത്തുന്നതിനും ഇവിടേക്ക് ബന്ധപ്പെടുന്നതിനും സ്റ്റേഷനിലേക്കുള്ള മാര്‍ഗം ജി.പി.എസ് മുഖേന മനസിലാക്കുന്നതിനുമുള്ള സംവിധാനവും രക്ഷയിലുണ്ട്. 

എമര്‍ജന്‍സി ഹെല്‍പ്ലൈന്‍ നമ്ബരുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍, പൊലീസ് വാര്‍ത്തകളും അറിയിപ്പുകളും, ഗതാഗതസുരക്ഷാ നിര്‍ദേശങ്ങള്‍, ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയും ഇതില്‍ ലഭിക്കും. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സ്റ്റാറ്റസ്, എഫ്.ഐ.ആര്‍ ഡൌണ്‍ലോഡ് ചെയ്യല്‍, പരാതിയുടെ നിലവിലുള്ള സ്ഥിതി മനസ്സിലാക്കാനുമുള്ള സംഴിധാനം തുടങ്ങിയവയും ഇതില്‍ ലഭ്യമാണ്.

സിറ്റിസണ്‍ സേഫ്റ്റി 

അടിയന്തര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട യാത്രാവേളകളിലും സുരക്ഷ വര്‍ധിപ്പിക്കുതിനുള്ള ആപ്ലിക്കേഷനാണ് സിറ്റിസണ്‍ സേഫ്ടി. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഫോട്ടോ, രജിസ്ട്രേഷന്‍ നമ്ബര്‍ എന്നിവ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന റൂട്ടും ഇതുവഴി ബന്ധുക്കള്‍ക്ക് കൈമാറാം. അടിയന്തര നമ്ബരുകളിലേക്ക് സന്ദേശം അയയ്ക്കുതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിറ്റിസണ്‍ സേഫ്റ്റിയുടെ മറ്റൊരു സവിശേഷത പാനിക് ബട്ടണ്‍ എന്ന സംവിധാനമാണ്. ആപത്ഘട്ടങ്ങളില്‍ നമ്ബര്‍ ഡയല്‍ ചെയ്യാതെതന്നെ ഇതിലുള്ള പാനിക് ബട്ടണ്‍ അമര്‍ത്തുന്നതുവഴി ഒരു അടിയന്തര സന്ദേശം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. സഹായമഭ്യര്‍ത്ഥിച്ചയാളുടെ സമീപം വേഗത്തിലെത്താന്‍ പോലീസിന് ഇത് സഹായകമാവും.

ട്രാഫിക് ഗുരു 

സുരക്ഷിത ഡ്രൈവിങ്ങിനുള്ള ഗെയിം ആപ്ലിക്കേഷനാണ് ട്രാഫിക് ഗുരു. ട്രാഫിക് നിയമങ്ങള്‍ മനസ്സിലാക്കുന്നതിനും അവ പാലിക്കുന്നതിനുള്ള രീതികള്‍ അറിയുന്നതിനും ഇത് സഹായകമാണ്. ഡ്രൈവിങ്ങിനിടയില്‍ നേരിടേണ്ടിവരുന്ന 'ബംബര്‍ ടു ബംബര്‍ ട്രാഫിക്', 'ലൈന്‍ ഡിസിപ്ലിന്‍', 'ഓവര്‍ടേക്കിങ്', 'സ്പീഡ് കണ്‍ട്രോള്‍', 'പാര്‍ക്കിങ്' എന്നിവ സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഈ ആപ്ലിക്കേഷന്‍ പറഞ്ഞുതരും. മികച്ച ഗ്രാഫിക്സും ശബ്ദവുമുള്ള ഈ ഗെയിമിലൂടെ യഥാര്‍ത്ഥ ഡ്രൈവിങ് അനുഭവം ലഭിക്കും. ഇപ്പോള്‍ നില്‍ക്കുന്നത് എതു സ്റ്റേഷന്‍ പരിധിയിലാണെന്ന് അറിയുന്നതിനും ഓരോ പ്രദേശത്തെയും സ്റ്റേഷനുകള്‍ കണ്ടെത്തുന്നതിനും ജിപിഎസ് മഖേന വഴി മനസിലാക്കാനുമുള്ള മൊബൈല്‍ ആപ്പാണ് 'നോ യുവര്‍ ജൂറിസ്ഡിക്ഷന്‍'. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഓരോരുത്തരും നില്‍ക്കുന്ന സ്ഥലം കൃത്യമായി അറിയുന്നതിനും സംവിധാനമുണ്ട്. ഉചിതമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി ആപ്പുകള്‍ അന്തിമരൂപത്തില്‍ ഉടന്‍ പുറത്തിറക്കും.അഭിപ്രായങ്ങള്‍ info.pol@kerala.gov.in, sppcc.pol@kerala.gov.in, sapcc.pol@kerala.gov.in എന്നീ ഇ-മെയിലുകളിലേക്ക് അയക്കാം.



Share this News Now:
  • Google+
Like(s): 98