27 September, 2017 01:53:27 PM


മുൻ എംഎൽഎ ബെന്നി ബെഹനാൻ കെപിസിസി അധ്യക്ഷനാകും ?




കോട്ടയം: ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും മുൻ എംഎൽഎയുമായ ബെന്നി ബെഹനാൻ കെപിസിസി അധ്യക്ഷനാകും. ഇത് സംബന്ധിച്ച് എ ഗ്രൂപ്പിൽ ധാരണയായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഉമ്മൻ ചാണ്ടിയുടെ ശക്തമായ പിന്തുണയാണ് ബെന്നി ബെഹനാന് തുണയായിരിക്കുന്നത്. കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസിയുടെ താത്കാലിക അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയ എ ഗ്രൂപ്പിലെ പ്രമുഖരും ബെന്നിക്ക് വേണ്ടി വാദിച്ചിരുന്നുവത്രേ. 

വി.എം.സുധീരന് പിൻഗാമിയായി പരിഗണിക്കപ്പെട്ടവരില്‍ ബെന്നി ബെഹനാന് പുറമേ, പി.സി.വിഷ്ണുനാഥ്, വി.ഡി.സതീശൻ എന്നിവരും അന്തിമ പട്ടികയിലുണ്ടായിരുന്നു. പാർലമെന്‍ററി പാർട്ടി നേതാവ് ഐ ഗ്രൂപ്പിന് ലഭിച്ച സ്ഥിതിക്ക് എ ഗ്രൂപ്പിലെ പ്രമുഖ നേതാവ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് ഉറപ്പായിരുന്നു. നിലവിൽ കെപിസിസി ഉപാധ്യക്ഷന്മാരിൽ ഒരാളായ സതീശന് എംഎൽഎ പദവി കൂടിയുണ്ട്. വിഷ്ണുനാഥിന് എഐസിസി സെക്രട്ടറി പദത്തിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകയുടെ ചുമതലയും ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എം.സുധീരന്‍റെ ശക്തമായ എതിർപ്പിനെ തുടർന്ന് തൃക്കാക്കരയിൽ സ്ഥാനാർഥിത്വം നഷ്ടമായ ആളാണ് ബെന്നി ബെഹനാൻ. പിന്നീട് പി.ടി.തോമസ് അവിടെ സ്ഥാനാർഥിയാവുകയും നിയമസഭയിൽ എത്തുകയും ചെയ്തു. ബെന്നി ബെഹനാന്‍റെ സ്ഥാനാർഥിത്വത്തിന് വേണ്ടി ഉമ്മൻ ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾ അന്ന് ശക്തമായി വാദിച്ചെങ്കിലും സുധീരന്‍റെ നിലപാടിന് ഒടുവിൽ അംഗീകാരം ലഭിക്കുകയായിരുന്നു. 

സ്ഥാനാർഥിത്വം നഷ്ടമായതും പാർട്ടിയിൽ അധിക ചുമതലയില്ലാത്തതും ജാതി സമവാക്യവും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ ബെന്നി ബെഹനാനെ സഹായിച്ചു. മൂന്ന് നേതാക്കളും അടുത്ത ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഉമ്മൻ ചാണ്ടി തന്‍റെ പിന്തുണ ബെന്നി ബെഹനാന് പ്രഖ്യാപിച്ചത്. 



Share this News Now:
  • Google+
Like(s): 80