26 September, 2017 09:25:19 PM


ഹണിപ്രീതിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി




ദില്ലി: ഡേര സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണിപ്രീത് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഭയമുള്ളവര്‍ കോടതിയില്‍ കീഴടങ്ങുകയാണ് വേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് ഹണിപ്രീത് നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 


അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെങ്കിലും അറസ്റ്റ് ഒഴിവാക്കണമെന്ന അഭിഭാഷകന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. അക്രമത്തിന് പ്രേരണ നല്‍കി, സി.ബി.ഐ കസ്റ്റഡിയില്‍നിന്ന് ഗുര്‍മീതിനെ രക്ഷപെടുത്താന്‍ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ഉള്ളത്. അവരെ അറസ്റ്റുചെയ്യാനുള്ള നീക്കങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്തടക്കം പോലീസ് റെയ്ഡുകള്‍ നടത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 78