17 September, 2017 11:25:12 PM


വേങ്ങര ഉപതെരഞ്ഞെടുപ്പ്: മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിനുളള മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ പത്ത് മണിയോട് കൂടി പാണക്കാട് യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പിന്മാറിയതോടെ കെ എന്‍ എ ഖാദറിന്റെയും, പി കെ ഫിറോസിന്റെയും പേരുകളാണ് പ്രധാനമായും ലീഗ് പരിഗണിക്കുന്നത്.അതേസമയം സിപിഐഎം സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ ഇന്ന് മുതല്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിക്കും

കഴിഞ്ഞ ദിവസമാണ്  ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ പി എ മജീദ് രംഗത്തെത്തുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന സംഘടനാ ചുമതലയില്‍ തന്നെ തുടരാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്ന് നേരത്തെ മജീദ് വ്യക്തമാക്കിയിരുന്നു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ പി എ മജീദ് മത്സരിക്കേണ്ടതില്ലെന്ന് മുസ്‌ലീം ലീഗില്‍ ഒരു വിഭാഗം നേതാക്കള്‍ പാണക്കാട് ശിഖാബ് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരുന്നതാകും ഉചിതമെന്നും ചില നേതാക്കള്‍ പറഞ്ഞിരുന്നു. മുസ്‌ലീം ലീഗിലെ പ്രബല വിഭാഗമാണ് മജീദിനെതിരെ രംഗത്തെത്തിയത്.

മുജാഹിത് വിഭാഗത്തില്‍പ്പെട്ട മജീദിന് സമസ്ഥ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് ലഭിക്കില്ലെന്ന ഭയം ലീഗിനുണ്ട്. അതുകൊണ്ടു തന്നെയാണ് മജീദ് മത്സരിക്കേണ്ടതില്ല എന്ന തീരുമാനം അവര്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് മത്സരിക്കാനില്ല എന്ന് വ്യക്തമാക്കി മജീദ് രംഗത്തെത്തിയത്.

അതേസമയം സിപിഐഎം സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ ഇന്ന് മുതല്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിക്കും. സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് അഡ്വ. പിപി ബഷീര്‍. അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിയെ നേരിട്ടാണ് ബഷീര്‍ മല്‍സരരംഗത്തിറങ്ങുന്നത്. കുഞ്ഞാലിക്കുട്ടിയോട് 38,057 വോട്ടുകള്‍ക്കാണ് ബഷീര്‍ പരാജയപ്പെട്ടത്.

ക്ടോബര്‍ 11 നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 15 നാണ്. മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് വേങ്ങര. ലോക്‌സഭാംഗം ആയതിനെ തുടര്‍ന്ന് പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്



Share this News Now:
  • Google+
Like(s): 47