01 September, 2017 12:24:26 PM


നാട്ടുകാണി വനത്തിൽ വനിതാ മാവോയിസ്റ്റ് നേതാവ് ആനയുടെ ചവിട്ടേറ്റ് മരിച്ചു

മലപ്പുറം: മാവോയിസ്‌റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. സിപിഐ (മാവോയിസ്‌റ്റ്) പശ്‌ചിമ ഘട്ടത്തിൽ പ്രവർത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലത (മീര) കൊല്ലപ്പെട്ടതായാണ് മാവോയിസ്‌റ്റുകൾ ഇറക്കിയ പത്രികയിൽ പറയുന്നത്. കഴിഞ്ഞ ആറിന് വൈകിട്ട് ആറിനും ആറരയ്‌ക്കും ഇടയിൽ നാടുകാണി വനമേഖലയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണു കൊല്ലപ്പെട്ടതെന്നു ലഘുലേഖയിൽ പറയുന്നു.


മൃതദേഹം ബന്ധുക്കളെയോ വിപ്ലവ പ്രസ്‌ഥാന പ്രവർത്തകരെയോ കാണിക്കാതെ സംസ്‌ക്കരിക്കേണ്ടി വന്നതിൽ സംഘടന ഖേദം പ്രകടിപ്പിക്കുന്നുണ്ട്. വനമേഖലയിൽ തന്നെ മൃതദേഹം സംസ്‌ക്കരിച്ചുവെന്നാണു പറയുന്നത്. ലതയ്‌ക്ക് 1996 മുതൽ വിപ്ലവ പ്രസ്‌ഥാനവുമായി ബന്ധമുണ്ടെന്നാണു വെളിപ്പെടുത്തൽ. മാവോയിസ്‌റ്റ് പ്രവർത്തകനായ പാണ്ടിക്കാട് സ്വദേശി മൊയ്‌തീനാണു ലതയെ വിവാഹം ചെയ്‌തത്.


പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ലതയെ മുൻപ് മാവോയ്‌സ്‌റ്റ് പ്രവർത്തകൻ രവീന്ദ്രൻ വിവാഹം ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമായിരുന്നു മൊയ്‌തീനുമായുള്ള വിവാഹം. മാവോയിസ്‌റ്റുകളുടെ ലഘുലേഖയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇങ്ങനെയൊരു അപകടവും മരണവും പൊലീസോ വനപാലകരോ അറിഞ്ഞിരുന്നില്ലെന്നാണു വിവരം. സിപിഐ (മാവോയിസ്‌റ്റ്) പശ്‌ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണു പത്രിക ഇറക്കിയിരിക്കുന്നത്



Share this News Now:
  • Google+
Like(s): 83