15 August, 2017 03:50:26 PM


വിലക്ക് മറികടന്ന് പാലക്കാട് സ്കൂളില്‍ മോഹൻ ഭാഗവത് പതാക ഉയർത്തി




പാലക്കാട്: ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് മറികടന്ന് പാലക്കാട്ടെ എയ്ഡഡ് സ്കൂളിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തി. മൂത്താന്തറ കർണ്ണകിയമ്മൽ സ്കൂളിലാണ് മോഹൻ ഭാഗവത് പതായ ഉയർത്തിയത്. തുടർന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു.

രാഷ്ട്രീയ നേതാക്കൾ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പതാക ഉയർത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. മോഹൻ ഭാഗവതിനെകൊണ്ട് പതാക ഉയർത്താൻ അനുവദിക്കരുതെന്നായിരുന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നത്. തിങ്കളാഴ്ച രാത്രി ജില്ലാ പോലീസ് മേധാവി, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, ഡിഡിഇ എന്നിവർക്കും കളക്ടർ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നു. ജില്ലാ ഭരണകൂടത്തിന്‍റെ വിലക്കുണ്ടായിരുന്നതിനാൽ ഒൗദ്യോഗിക പദവികൾ വഹിക്കുന്ന ആരും ചടങ്ങിനെത്തിയില്ല.

അതേസമയം വിലക്ക് മറികടന്ന് പതാക ഉയർത്തിയ സംഭവത്തിൽ മോഹൻ ഭാഗവതിനെതിരേ പോലീസ് കേസെടുത്തേക്കും. രാവിലെ ഒൻപതോടെയാണ് ആർഎസ്എസ് നേതാവ് സ്കൂളിലെത്തിയത് തുടർന്ന് പതാക ഉയർത്തുകയായിരുന്നു. സ്കൂൾ അധികൃതരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന്‍റെ ദൃശ്യങ്ങൾ പോലീസ് പകർത്തിയിട്ടുണ്ട്. 

എയ്ഡഡ് സ്കൂളിൽ രാഷ്ട്രീയക്കാരനായ മോഹൻ ഭാഗവത് പതാക ഉയർത്തിയത് ദേശീയപതാക ദുരുപയോഗം ചെയ്യുന്ന നടപടിയായിപ്പോയെന്ന് മന്ത്രി എ.കെ.ബാലൻ. ഇത്തരത്തിലാണ് പ്രവർത്തിയെങ്കിൽ രാജ്യത്തിന്‍റെ അവസ്ഥ എന്താകുമെന്നും മോഹൻ ഭാഗവതിന്‍റെ നടപടി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്നും മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. 




Share this News Now:
  • Google+
Like(s): 107