11 August, 2017 11:44:36 PM


അനിശ്ചിതത്വത്തിന് വിരാമം; നാട്ടിൽ വിലസിയ ആനകൾ കാടു കയറി


പാലക്കാട് : ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി.  കല്ലടിക്കേ‍ാട് വനമേഖലയിൽ നിന്നു 8 ദിവസം മുമ്പ് നാട്ടിൽ ഇറങ്ങിയ മൂന്നു ആനകൾ മുണ്ടൂരിലെ ദേശീയ പാത മുറിച്ചുകടന്ന് വീണ്ടും കാടുകയറി. പുലർച്ചെ മുണ്ടാരിലെത്തിയ ആനക്കൂട്ടത്തെ പലപ്പേ‍ാഴായി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് വനത്തിൽ കയറ്റിയത്.

റേ‍ാഡ് മുറിച്ചുകടക്കാൻ തുടങ്ങിയപ്പോഴുണ്ടായ ജനങ്ങളുടെ  ബഹളത്തെ തുടർന്ന് ആനകൾ തിരിച്ചു നടക്കുകയായിരുന്നു. ആനയ്ക്കു ശാന്തമായ വഴിയെ‍ാരുക്കാൻ നാലു മണി മുതൽ ഹൈവേയിലെ ഗതാഗതം തിരിച്ചുവിട്ടു. കലക്ടർ, എസ്പി, സിസിഎഫുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. നാലു കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചിരുന്നു.

കാര്യമായ നാശനഷ്ടങ്ങൾ വരുത്താതെ, വന്ന വഴി തിരിച്ചു പോകുന്ന ആനകളുടെ വഴിമുടക്കരുതെന്നു വനം വകുപ്പ് നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. ആനത്താരയില്ലെങ്കിലും കാട്ടാനകൾ വന്ന വഴി മാത്രമേ തിരിച്ചു പോകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തടിച്ചു കൂടുന്ന ജനം ആനകളെ വഴി തെറ്റിക്കുന്നതായും വനം ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കിടയിൽ ഇതുവരെ ആനകൾ കാര്യമായ നാശനഷ്ടങ്ങളെ‍ാന്നും ഉണ്ടാക്കിയിട്ടില്ല. പുഴയിൽ നീന്തിത്തുടിച്ചും പുഴയോരം ചേർന്നുമാണ് കൂടുതൽ സമയവും ആനകൾ നാട്ടിൽ‌ വിലസിയിരുന്നത്.



Share this News Now:
  • Google+
Like(s): 47