10 August, 2017 05:35:51 PM


ഡിജിപി ലോക്നാഥ് ബെഹ്റയെ വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയിൽ




കൊച്ചി: ഹൈക്കോടതിയിൽ പുതിയതായി സമർപ്പിച്ച ജാമ്യാപേക്ഷയില്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ വെട്ടിലാക്കി നടൻ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ പൾസർ സുനി തന്നെ വിളിച്ച വിവരം അന്ന് തന്നെ ഡിജിപിയെ അറിയിച്ചുവെന്നാണ് ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നത്. ഏപ്രിൽ പത്തിനാണ് സുനി ജയിലിൽ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. വിളിച്ച നന്പരും കൈമാറി. സുനി വിളിച്ചതിന്‍റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്സണൽ നന്പറിലേയ്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുവെന്നും ദിലീപ് അവകാശപ്പെടുന്നു.

കേസിൽ ദിലീപിനെതിരേയുള്ള പോലീസിന്‍റെ വാദങ്ങൾ പൊളിക്കുന്ന നീക്കമാണ് പുതിയ വെളിപ്പെടുത്തലിലൂടെ ഉണ്ടായിരിക്കുന്നത്. പൾസർ സുനി ജയിലിൽ നിന്നും വിളിച്ച വിവരം ഒരു മാസം കഴിഞ്ഞാണ് ദിലീപ് പരാതിയിലൂടെ പോലീസിനെ അറിയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. സുനി ജയിലിൽ നിന്നും എഴുതിയ കത്ത് വാട്സ് ആപ്പിലൂടെ മാനേജർ അപ്പുണ്ണിക്ക് ലഭിച്ചതോടെ രക്ഷയില്ലെന്ന് മനസിലായി ദിലീപ് പരാതി നൽകുകയായിരുന്നു. അതുവരെ സുനിയുമായി ഒത്തുതീർപ്പിന് ദിലീപ് ശ്രമിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ വാദം.

എന്നാൽ ഈ വാദം തള്ളുന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചിരിക്കുന്നത്. ഏപ്രിൽ പത്തിനാണ് നാദിർഷയെ സുനി ജയിലിൽ നിന്നും വിളിക്കുന്നത്. കൊച്ചിയിൽ നിന്നും ബംഗളൂരുവിലേക്ക് പോകാൻ നെടുന്പാശേരി വിമാനത്താവളത്തിൽ നാദിർഷ എത്തിയപ്പോഴായിരുന്നു ഫോണ്‍വിളി. സ്വന്തം ഫോണിൽ റിക്കോർഡിംഗ് സൗകര്യമില്ലാതിരുന്നതിനാൽ നാദിർഷ സിം മാറ്റി മറ്റൊരു ഫോണിലിട്ടാണ് സുനിയുടെ സംസാരം റിക്കോർഡ് ചെയ്തത്. അപ്പോൾ തന്നെ ഇക്കാര്യം ദിലീപിനെ അറിയിച്ചു.

അതേ ദിവസം വൈകിട്ട് ഫോണ്‍വിളിയുടെ ശബ്ദരേഖയും ഫോണ്‍ വന്ന നന്പറും സഹിതം ഡിജിപിക്ക് നൽകിയെന്നാണ് ദിലീപിന്‍റെ അവകാശവാദം. തന്‍റെ സ്വകാര്യ ഫോണിൽ നിന്നും ഡിജിപിയുടെ സ്വകാര്യ നന്പറിലേയ്ക്ക് സന്ദേശം അയയ്ക്കുകയായിരുന്നു. ഈ ഫോണ്‍ താൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധന നടത്തിയാൽ ഇക്കാര്യം ബോധ്യമാകുമെന്നും ദിലീപ് പറയുന്നു.

താനും പ്രധാന പ്രതി സുനിൽകുമാറും ഒരേ ടവർ ലൊക്കേഷന് കീഴിലുണ്ടായിരുന്നുവെന്ന കാരണംകൊണ്ട് കേസിൽ തന്നെ ഗൂഢാലോചനയിൽ എങ്ങനെ ഉൾപ്പെടുത്തുമെന്നാണ് ദിലീപിന്‍റെ മറ്റൊരു വാദം. പോലീസ് പറയുന്ന 2013 ഏപ്രിലിൽ നടന്ന ഗൂഢാലോചന സമയത്ത് സുനി നടൻ മുകേഷിന്‍റെ ഡ്രൈവറായിരുന്നു. അമ്മയുടെ സ്റ്റേജ് ഷോയ്ക്കായി തയാറെടുപ്പ് നടക്കുന്പോൾ എല്ലാ താരങ്ങളും കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലുണ്ടായിരുന്നു. അന്നേ ദിവസം താനും സുനിയും ഒരേ ടവർ ലൊക്കേഷന് കീഴിലുണ്ടായിരുന്നതുകൊണ്ട് മാത്രം ഹോട്ടലിലെ തന്‍റെ മുറിയിൽ ഗൂഢാലോചന നടന്നുവെന്ന പോലീസിന്‍റെ വാദം നിലനിൽക്കില്ലെന്നും ദിലീപ് അവകാശപ്പെടുന്നു. 



Share this News Now:
  • Google+
Like(s): 109