17 July, 2017 07:02:29 PM


പുന്നത്തുറയിലെ റേഷന്‍കടയില്‍ അധികൃതരുടെ ഒത്താശയോടെ വന്‍തിരിമറി




ഏറ്റുമാനൂര്‍: പൊതു വിതരണ കേന്ദ്രത്തില്‍ ജനങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷ്യവസ്തുക്കള്‍ അധികൃതരുടെ ഒത്താശയോടെ തിരിമറി നടത്തുന്നതായി പരാതി. ഏറ്റുമാനൂര്‍ പുന്നത്തുറ കവലയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ നിന്ന് മുന്‍ഗണനാവിഭാഗത്തില്‍ പെട്ട തനിക്ക് അനുവദിച്ചിട്ടുള്ള അളവില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി കല്ലുകീറുംതടത്തില്‍ മുരളിയുടെ ഭാര്യ ചന്ദ്രിക അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയെ കുറിച്ച് അന്വേഷിച്ച റേഷനിംഗ് ഇന്‍സ്പെക്ടറും ടിഎസ്ഓയും ഉള്‍പ്പെടെയുള്ള അധികൃതര്‍ തുടര്‍ നടപടികള്‍ എടുക്കുന്നതില്‍ വൈമുഖ്യം കാട്ടുകയാണെന്ന് കാണിച്ച് ഇവര്‍ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിരിക്കുകയാണ്.


ചന്ദ്രിക നല്‍കിയ ആദ്യപരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ ഫര്‍ക്ക റേഷനിംഗ് ഇന്‍സ്പെക്ടര്‍ ജൂണ്‍ 3ന് മൊഴി എടുത്തിരുന്നു. പക്ഷെ നടപടികള്‍ ഒന്നുമുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ 4ന് ഇവര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കി. ഡിഎസ്ഓ അന്വേഷിക്കാനെത്തിയെങ്കിലും കടയുടമയുമായി ഒത്ത്ചേര്‍ന്ന് ചന്ദ്രികയുടെ ഭര്‍ത്താവില്‍ നിന്നും പരാതി പിന്‍വലിച്ചതായി ഒപ്പിട്ടുവാങ്ങുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് തന്‍റെ ഭര്‍ത്താവിന് ഓര്‍മ്മ നശിച്ചിരിക്കുകയാണെന്നും ഇത് അറിഞ്ഞുകൊണ്ടുതന്നെ കടയുടമയും അധികൃതരും ബോധപൂര്‍വ്വം കരുക്കള്‍ നീക്കുകയായിരുന്നുവെന്നും ചന്ദ്രിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കോട്ടയം മെഡിക്കല്‍ കോളേജിലെ ഡിസ്ചാര്‍ജ് ഷീറ്റും പരാതിയോടൊപ്പം അയച്ചിട്ടുണ്ട്. അന്വേഷിക്കാനെത്തിയ ജില്ലാ സപ്ലൈ ഓഫീസര്‍  പരാതിക്കാരിയായ തന്‍റെ മൊഴിയെടുത്തില്ലെന്നും ഇവര്‍ പറയുന്നു.


പരാതി പിന്‍വലിക്കുകയാണെങ്കില്‍ ഇത് വരെ ലഭിക്കാനുള്ള റേഷന്‍ സാധനങ്ങള്‍ ഒന്നിച്ചു നല്‍കാമെന്നും, കടയുടമ എന്ത് സഹായം വേണമെങ്കിലും ചെയ്യുമെന്നും റേഷനിംഗ് ഇന്‍സ്പെക്ടര്‍ പറഞ്ഞതായും ചന്ദ്രിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനിടെ റേഷന്‍ കടയിലെ ജീവനക്കാരന്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രിക പറയുന്നു.  ടെലിഫോണ്‍ നമ്പര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കടയിലെ ജീവനക്കാരനാണെന്ന് മനസിലായതെന്നും ഇവര്‍ പറയുന്നു. സമാനപരാതിക്കാരായ ഒട്ടേറെ പേര്‍ ഈ റേഷന്‍കടയുടെ ഉപഭോക്താക്കളായി ഉണ്ടെങ്കിലും കടയുടമയുടെ ഭീഷണിക്ക് മുന്നില്‍ ഒതുങ്ങുകയാണെന്നും ആരോപണമുണ്ട്.



Share this News Now:
  • Google+
Like(s): 740