17 July, 2017 09:58:36 AM


മതം മാറിയ സ്ത്രീയുടെ മൃതദേഹം: പിതാവ് ഏറ്റെടുക്കാനെത്തിയപ്പോള്‍ ഭര്‍ത്താവ് മുങ്ങി




കോട്ടയം: പതിനാല് ദിവസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞ യുവതിയുടെ മൃതദേഹം ഏറ്റെടുക്കുവാന്‍ പിതാവ് എത്തിയപ്പോഴേക്കും ഭര്‍ത്താവ് മുങ്ങി. കാമുകനോടൊപ്പം ഒളിച്ചോടിയശേഷം മതം മാറി ദേവിക എന്ന പേര് സ്വീകരിച്ച മുണ്ടക്കയം മേലേത്ത് തൊടിയില്‍ അബ്ദുള്ളയുടെ മകള്‍ തസ്നി(25)യുടെ മ‍ൃതദേഹമാണ് ഏറ്റെടുക്കാനാളില്ലാതെ പോസ്റ്റ്മോര്‍ട്ടം പോലും മുടങ്ങിയ അവസ്ഥയില്‍ എത്തിയത്. യുവതിയുടെ രണ്ടാം ഭര്‍ത്താവായ രതീഷിനെ വിദേശത്തുനിന്നും സഹോദരന്‍ വിളിച്ചുവരുത്തിയെങ്കിലും ഇപ്പോള്‍ ഇയാള്‍ എവിടെയാണെന്ന് സഹോദരനും അറിയില്ല.

ഒളിച്ചോടി മതം മാറിയതിനാല്‍ മൃതദേഹം തങ്ങള്‍ ഏറ്റെടുക്കില്ല എന്ന നിലപാടിലായിരുന്നു തസ്നിയുടെ വീട്ടുകാര്‍ ആദ്യം. രതീഷിനുവേണ്ടി സഹോദരന്‍ ജയന്‍ മൃതദേഹം ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും രതീഷും ദേവികയും തമ്മില്‍ വിവാഹം നടന്നതിന്‍റെ രേഖകള്‍ ഇല്ലാത്തതിനാല്‍ ആ ഉദ്യമം തടസപ്പെട്ടു. ഇതേതുടര്‍ന്ന് വിദേശത്തായിരുന്ന രതീഷിനെ ജയന്‍ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വിവാഹരേഖയില്ലാത്തതിനാലും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലും രതീഷിനും മൃതദേഹം വിട്ടുകൊടുക്കാനാവില്ല എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍.

ജൂണ്‍ 27ന് തിരുവല്ല കെയര്‍ ഹോംനഴ്സിംഗ് സര്‍വ്വീസ് നടത്തിപ്പുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ജൂലൈ നാലിനാണ് മരിച്ചത്. രതീഷിന്‍റെ സഹോദരന്‍ ജയനും ഹോംനഴ്സിംഗ് സ്ഥാപന നടത്തിപ്പുകാരുമാണ് ദേവിക മരിക്കുന്നതുവരെ ആശുപത്രികാര്യങ്ങള്‍ നടത്തിവന്നത്. ജൂലൈ 4ന് വൈകിട്ട് 6.50ന് യുവതി മരണമടഞ്ഞശേഷം മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ വന്നതിനാലും ഇന്‍ക്വസ്റ്റ് തയ്യാറാക്കേണ്ടത് ഏത് പോലീസ് സ്റ്റേഷനാണെന്ന തര്‍ക്കവും മൂലം തുടര്‍നടപടികള്‍ അനന്തമായി നീളുകയായിരുന്നു. അവസാനം തിരുവല്ല പോലീസ് ഇടപെട്ട് യുവതിയുടെ പിതാവ് അബ്ദുള്ളയെ സ്ഥലത്തെത്തിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് അബ്ദുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കിയശേഷം ഇന്‍ക്വസ്റ്റ് തയ്യാറാക്കല്‍ നടപടികള്‍ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായി. 

അപസ്മാരരോഗിയായ യുവതിയുടെ ഉള്ളില്‍ അമിതമായി മരുന്ന് ചെന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ പോസ്റ്റുമോര്‍ട്ടം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് മുഖേന വണ്ടിപെരിയാര്‍ പോലീസില്‍ ബന്ധപ്പെട്ടുവെങ്കിലും ആശുപത്രിയില്‍ നല്‍കിയ വിലാസം തെറ്റാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ഹോം നഴ്സിംഗ് സ്ഥാപനം മുഖേന നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഹിന്ദുമതം സ്വീകരിച്ച മുസ്ലിം സ്ത്രീ ആണെന്നും ഭര്‍ത്താവിന്‍റെ പേര് രവി എന്നല്ല, രതീഷ് എന്നാണെന്നും അറിയുന്നത്.

യുവതിയുടെ ആദ്യവിവാഹം തൊടുപുഴ വണ്ണപ്പുറം സ്വദേശി സിജിയുമായായിരുന്നു. വണ്ടിപെരിയാരില്‍ വാടകയ്ക്കു താമസിക്കവെയാണ് ടാപ്പിംഗ് തൊഴിലാളിയായ അബ്ദുള്ളയുടെ മകള്‍  തന്‍സി സിജിയോടൊപ്പം വീടുവിട്ടിറങ്ങിയതും ഹിന്ദുമതം സ്വീകരിച്ച് പേര് ദേവിക എന്നാക്കി മാറ്റുകയും ചെയ്തത്. പിന്നീട് സിജിയും ദേവികയുമായുണ്ടായ വഴക്കുകള്‍ക്കിടയില്‍ പോലീസ് സ്റ്റേഷനിലും മറ്റും മധ്യസ്ഥം പറയാനെത്തിയ അയല്‍വാസിയായ രതീഷുമായി ദേവിക പ്രണയത്തിലാകുകയായിരുന്നു.

നാടു വിട്ട ഇവര്‍ പന്തളത്ത് രതീഷിന്‍റെ സഹോദരന്‍ ജയന്‍റെ വീടിനടുത്ത് താമസമാക്കി. ഇതിനിടെ രതീഷ് ജോലിക്കായി വിദേശത്ത് പോയി. രതീഷ് പോയ ശേഷം ദേവിക ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ജയനാണ് തിരുവല്ലയിലെ കെയര്‍ ഹോം നഴ്സിംഗ് സര്‍വ്വീസില്‍ ദേവികയെ ജോലിയ്ക്ക് കയറ്റിയത്. ജൂണ്‍ 27ന് ഇവിടെ വെച്ച് അസുഖം ഉണ്ടായതിനെ തുടര്‍ന്ന് ഹോം നഴ്സിംഗ് സ്ഥാപന നടത്തിപ്പുകാര്‍ ദേവികയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ വന്നതോടെ വണ്ടിപെരിയാര്‍ പോലീസ് കയ്യൊഴിഞ്ഞ സ്ഥിതിക്കാണ് തിരുവല്ല പോലീസിനെ ബന്ധപ്പെടുന്നതും അവര്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ തയ്യാറായതും. തിങ്കളാഴ്ച രാവിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം പിതാവ് അബ്ദുള്ള മ‍ൃതദേഹം ഏറ്റെടുക്കും. ഇതിനിടെ മുങ്ങിയ രതീഷ് എവിടെയെന്ന് ആര്‍ക്കുമറിയില്ല. ഇയാളുടെ ഫോണും കഴിഞ്ഞ ഒരാഴ്ചയിലേറെയായി സ്വിച്ച് ഓഫ് ആണെന്ന് സഹോദരന്‍ പറയുന്നു.

ഇതിനിടെ ജയനോട് ആവശ്യമായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അബ്ദുള്ള അപേക്ഷിച്ചിരുന്നു. പീരുമേട്ടിലുള്ള സാമൂഹ്യപ്രവര്‍ത്തകരും അബ്ദുള്ളയ്ക്ക് സഹാവുമായി രംഗത്തെത്തിയിട്ടുണ്ട്. അബ്ദുള്ള മ‍ൃതദേഹം ഏറ്റെടുത്താലും മതാചാരപ്രകാരം സംസ്കാരം നടത്താനാവില്ല. അതുകൊണ്ട് പൊതുശ്മശാനത്തില്‍ സംസ്കരിക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍. 

- പി.ഷണ്‍മുഖന്‍



Share this News Now:
  • Google+
Like(s): 831