16 July, 2017 06:29:17 PM


കണ്ണൂരിലെ രോഗികളെ നാളെ മുതല്‍ ശുശ്രൂഷിക്കുന്നത് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍




കണ്ണൂർ: വേതന വർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം നേരിടാൻ സ്വകാര്യ ആശുപത്രികളിൽ അവസാന വർഷ നഴ്സിംഗ് വിദ്യാർഥികളെ വിന്യസിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരെ യുഎന്‍എ. കണ്ണൂരിലെ പ്രതിസന്ധി മറികടക്കാന്‍ തിങ്കളാഴ്ച മുതൽ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ജില്ലാ കളക്ടറുടെ നടപടിയെ അപലപിക്കുന്നുവെന്നു യുഎൻഎ പ്രസിഡന്‍റ് ജാസ്മിൻ ഷാ പറഞ്ഞു. 

വിദ്യാര്‍ഥികളെ ആശുപത്രികളിലേക്ക് അയക്കണമെന്ന് നഴ്സിംഗ് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സമരം നേരിടാന്‍ ജില്ലയില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം നടക്കുന്ന ആശുപത്രികളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തും. ജോലിക്കായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 150 രൂപ പ്രതിഫലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി പടരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 

സർക്കാർ രോഗികളുടെ ജീവൻ വച്ച് പന്താടരുതെന്നും വിദ്യാർഥികളെ വച്ച് രോഗികളെ ചികിത്സിക്കുന്ന സർക്കാരിന്‍റെ പ്രാക്യതമായ നടപടി ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലനം പൂർത്തിയാക്കാത്ത നഴ്സിംഗ് വിദ്യാർഥികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് വലിയ അപകടങ്ങൾക്കു കാരണമാകുമെന്നും ജാസ്മിൻ ഷാ പറഞ്ഞു.



Share this News Now:
  • Google+
Like(s): 139