16 July, 2017 05:49:31 PM


മതം മാറിയ സ്ത്രീയുടെ ജഡം: 12 ദിവസത്തിന് ശേഷം പോലീസെത്തി, പിതാവിനെയും കൂട്ടി
കോട്ടയം: പതിമൂന്ന് ദിവസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞ യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് മുന്നോടിയായി ഇന്‍ക്വസ്റ്റ് തയ്യാറാക്കല്‍ നടപടികള്‍ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായി. ജൂലൈ നാലിന് മരണമടഞ്ഞ യുവതിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ വന്നതിനാലും ഇന്‍ക്വസ്റ്റ് തയ്യാറാക്കേണ്ടത് ഏത് പോലീസ് സ്റ്റേഷനാണെന്ന തര്‍ക്കവും മൂലം അനന്തമായി നീളുകയായിരുന്നു.

ഇതിനിടെയാണ് യുവതിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ അനാഥാവസ്ഥയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന വിവരം കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും ഭര്‍തൃസഹോദരനും രംഗത്തെത്തിയെങ്കിലും ഇവരുടെ വിവാഹരേഖകള്‍ ഇല്ലാത്തത് മൃതദേഹം വിട്ടുകൊടുക്കുന്നതിന് തടസമായി. കാമുകനോടൊപ്പം ഒളിച്ചോടിയശേഷം മുസ്ലിം മതം മാറി ദേവിക എന്ന പേരോടെ ഹിന്ദുമതം സ്വീകരിച്ചതിനാല്‍ വീട്ടുകാരും ഏറ്റെടുക്കാന്‍ തയ്യാറാകാതെ വന്നതോടെ ആശുപത്രി അധികൃതര്‍ കുഴങ്ങിയിരിക്കുകയായിരുന്നു. അവസാനം സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി യുവതി ജോലിചെയ്യവെ അസുഖമുണ്ടായ തിരുവല്ലയിലെ പോലീസ് ഇന്‍ക്വസ്റ്റ് നടത്താന്‍ തയ്യാറാവുകയായിരുന്നു.

ഉത്തരവാദിത്തമേല്‍ക്കുന്നതില്‍ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പം നീങ്ങിയതോടെ ആദ്യം ചെയ്തത് യുവതിയുടെ പിതാവിനെ വിളിച്ചുവരുത്തുക എന്നതായിരുന്നു. സ്റ്റേഷനിലെത്തിയ പിതാവിനെയും കൂട്ടി തിരുവല്ല തഹസില്‍ദാര്‍ മുരളീധരന്‍നായരുടെ നേതൃത്വത്തില്‍ തിരുവല്ല പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഓമനക്കുട്ടന്‍, എഎസ്ഐ കെ.എം.ബേബി, വനിതാ സിവില്‍ ഓഫീസര്‍ ശ്രീദേവി എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച ഉച്ചയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജിലെത്തി. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ഇന്‍റിമേഷന്‍ മേടിച്ചശേഷമാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. 

വണ്ടിപെരിയാര്‍ മേലേത്ത് തൊടിയില്‍ രവിയുടെ ഭാര്യ ദേവിക (25) എന്ന വിലാസത്തില്‍ ജൂണ്‍ 27ന് തിരുവല്ല കെയര്‍ ഹോംനഴ്സിംഗ് സര്‍വ്വീസ് നടത്തിപ്പുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ജൂലൈ നാലിനാണ് മരിച്ചത്. അപസ്മാരരോഗിയായ യുവതിയുടെ ഉള്ളില്‍ അമിതമായി മരുന്ന് ചെന്ന നിലയിലാണ് ഇവിടെ പ്രവേശിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ പോസ്റ്റുമോര്‍ട്ടം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പിടിച്ചു.  തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് മുഖേന വണ്ടിപെരിയാര്‍ പോലീസില്‍ ബന്ധപ്പെട്ടുവെങ്കിലും ആശുപത്രിയില്‍ നല്‍കിയ വിലാസം തെറ്റാണെന്ന മറുപടിയാണ് ലഭിച്ചത്. 

തുടര്‍ന്ന് ഹോം നഴ്സിംഗ് സ്ഥാപനം മുഖേന നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഹിന്ദുമതം സ്വീകരിച്ച മുസ്ലിം സ്ത്രീ ആണെന്നും ഭര്‍ത്താവിന്‍റെ പേര് രവി എന്നല്ല, രതീഷ് എന്നാണെന്നും അറിയുന്നത്. യുവതിയുടെ മരണവിവരം അറിഞ്ഞ് വിദേശത്തുനിന്നും എത്തിയ രതീഷിന് പക്ഷെ ഇവര്‍ വിവാഹിതരായതിന്‍റെ രേഖകളില്ലാത്തതിനാല്‍ മൃതദേഹം ഏറ്റെടുക്കാനും സാധിക്കുന്നില്ലായിരുന്നു.  ദേവിക എന്ന തന്‍സിയുടെ വീട്ടുകാരെ ബന്ധപ്പെട്ടുവെങ്കിലും അവരും ഏറ്റെടുക്കാന്‍ തയ്യാറാവാതെ വന്നതോടെ കഴിഞ്ഞ പതിമൂന്ന് ദിവസമായി മൃതദേഹം മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ദിവസത്തിനകം ബന്ധുക്കള്‍ മൃതദേഹം ഏറ്റു വാങ്ങുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ സംസ്കരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. 

യുവതിയുടെ ആദ്യവിവാഹം തൊടുപുഴ വണ്ണപ്പുറം സ്വദേശി സിജിയുമായായിരുന്നു. വണ്ടിപെരിയാര്‍ സ്വദേശി അബ്ദുള്ളയുടെ മകള്‍  തന്‍സി സിജിയോടൊപ്പം വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്നാണ് ഹിന്ദുമതം സ്വീകരിക്കുകയും പേര് ദേവിക എന്നാക്കി മാറ്റുകയും ചെയ്തത്. പിന്നീട് സിജിയും ദേവികയുമായുണ്ടായ വഴക്കുകള്‍ക്കിടയില്‍ പോലീസ് സ്റ്റേഷനിലും മറ്റും മധ്യസ്ഥം പറയാനെത്തിയ അയല്‍വാസിയായ രതീഷുമായി ദേവിക പ്രണയത്തിലാകുകയായിരുന്നു. 

നാടു വിട്ട ഇവര്‍ പന്തളത്ത് രതീഷിന്‍റെ സഹോദരന്‍ ജയന്‍റെ വീടിനടുത്ത് താമസമാക്കി. ഇതിനിടെ രതീഷ് ജോലിക്കായി വിദേശത്ത് പോയി. രതീഷ് പോയ ശേഷം ദേവിക ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. രതീഷിന്‍റെ സഹോദരന്‍ ജയനാണ് തിരുവല്ലയിലെ കെയര്‍ ഹോം നഴ്സിംഗ് സര്‍വ്വീസില്‍ ദേവികയെ ജോലിയ്ക്ക് കയറ്റിയത്. ജൂണ്‍ 27ന് ഇവിടെ വെച്ച് അസുഖം ഉണ്ടായതിനെ തുടര്‍ന്ന് ഹോം നഴ്സിംഗ് സ്ഥാപന നടത്തിപ്പുകാര്‍ ദേവികയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ജൂലൈ 4ന് വൈകിട്ട് 6.50നാണ് യുവതി മരണപ്പെട്ടത്. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ വന്നതോടെ വണ്ടിപെരിയാര്‍ പോലീസ് കയ്യൊഴിഞ്ഞ സ്ഥിതിക്കാണ് തിരുവല്ല പോലീസിനെ ബന്ധപ്പെടുന്നതും അവര്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ തയ്യാറായതും. പിതാവ് അബ്ദുള്ള സമ്മതപത്രം ഒപ്പിട്ടശേഷം ഇന്‍ക്വസ്റ്റ് ഞായറാഴ്ച നടത്തിയെങ്കിലും പോസ്റ്റ് മോര്‍ട്ടം തിങ്കളാഴ്ച രാവിലെയേ നടക്കു. അതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

- പി.ഷണ്‍മുഖന്‍
Share this News Now:
  • Google+
Like(s): 1415