16 July, 2017 01:58:17 PM


ദിലീപിന്‍റെ ഭൂമി ഇടപാടുകള്‍ക്ക് ഒത്താശ ചെയ്ത് ഇടത്, വലത് മുന്നണികൾ



തൃശൂർ: നടന്‍ ദിലീപിന്‍റെ അനധികൃത ഭൂമി ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തത് ഇടത്, വലത് മുന്നണി നേതാക്കള്‍. ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മാണത്തിനായി ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തെ കുറിച്ചുളള ആദ്യ അന്വേഷണം അട്ടിമറിച്ചത് 2014 ലെ യുഡിഎഫ് സര്‍ക്കാര്‍. ജില്ലാ കലക്ടറുടെ അന്വേഷണമാണ് യുഡിഎഫ് ഉന്നതര്‍ ഇടപെട്ട് ദിലീപിന് അനുകൂലമാക്കിയത്. അതിന്‍ മേല്‍ നടന്ന ലാന്‍ഡ് റവന്യു കമ്മിഷണറുടെ അന്വേഷണവും ഇനിയും എങ്ങുമെത്തിയിട്ടില്ല.


2013ലാണ് ഡി സിനിമാസിന്റെ സ്ഥലത്തിന്റെ പേരിൽ ആലുവ സ്വദേശി കെ.സി.സന്തോഷ് ദിലീപിനെതിരെ പരാതി നൽകുന്നത്. ഒരേക്കറോളം വരുന്ന സർക്കാർ ഭൂമി വ്യാജ ആധാരങ്ങളുണ്ടാക്കി ദിലീപ് കൈക്കലാക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. ഇതിൽ അന്വേഷണം നടത്തി ജില്ലാ കലക്ടർ 2014 ൽ റിപ്പോർട്ട് നൽകി. ഇത് ദിലീപിന് അനുകൂലമായിരുന്നു. ദിലീപിന്റെ കൈയ്യിൽ ഉടമസ്ഥാവസകാശം തെളിയിക്കുന്ന രേഖകളുണ്ടായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ. 


ഇതിനെതിരെ പരാതിക്കാൻ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതി അന്വേഷണം നടത്താൻ ലാൻഡ് റവന്യൂ കമ്മിഷണറോട് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കലക്ടറുടെ റിപ്പോർട്ട് തെറ്റാണെന്നും അദ്ദേഹത്തിന് വീഴ്ച സംഭവിച്ചതായും കണ്ടെത്തി. തുടർന്ന് കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കി. 2015ൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മിഷണർ റിപ്പോർട്ട് നൽകി. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതുമുക്കി. എന്നാൽ എൽഡിഎഫ് അധികാരത്തിൽ വന്നിട്ടും നിലപാടിൽ മാറ്റമുണ്ടായില്ല.


നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ ജില്ലാ കലക്ടറെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ദിലീപിനെതിരെ നടപടിയെടുക്കേണ്ടെന്ന് സിപിഐയിലെ ഒരു മന്ത്രിയുടെ നിർദേശമുണ്ടെന്നാണ് കലക്ടർ സന്തോഷിനോട് പറഞ്ഞത്. റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാൻ നിർദേശിച്ചതിന്റെ പ്രതിഫലമായി മന്ത്രിയുടെ മകന് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയും ചെയ്തു.


സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.


എന്നാൽ, ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളിൽ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാൻഡ് റവന്യു കമ്മിഷണർ 2015ൽ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ചതായാണ് ആരോപണം



Share this News Now:
  • Google+
Like(s): 82