16 July, 2017 01:17:09 PM


പൾസർ സുനിക്കായി വീട്ടിൽ സർപ്പപൂജ; ദിലീപ് അറസ്റ്റിലായത് പൂജയുടെ ആദ്യദിവസം



പെരുമ്പാവൂർ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനു തടവിൽ കഴിയുന്ന പൾസർ സുനിക്കായി ഒരാഴ്ചയോളം നീണ്ട സർപ്പപൂജ. പെരുമ്പാവൂരിലെ വീട്ടുവളപ്പില്‍ ദിവസവും പുലർച്ചെ മുതൽ രാത്രിവരെയാണ് പൂജ നടന്നത്. പൂജ തുടങ്ങിയ തിങ്കൾ രാത്രിയാണ് ദിലീപ് അറസ്റ്റിലായതെന്നാണ് വീട്ടുകാർ പറയുന്നത്.  


പത്തുപതിനഞ്ചു വർഷമായി സിനിമയും സിനിമാക്കാരുമായി ബന്ധപ്പെട്ടായിരുന്നു സുനിൽ കുമാറിന്റെ ജീവിതം. ഇതിനിടയില്‍ വഴിവിട്ട ഇടപാടുകളില്‍ പലതിന്റെയും ഭാഗമായി പൾസർ സുനിയെന്ന വിളിപ്പേരും കിട്ടി. എന്നാൽ ഇപ്പോഴത്തെ കാലക്കേട് സുനില്‍ മുൻകൂട്ടി കണ്ടിരുന്നുവെന്നു വേണം കരുതാൻ. ദോഷങ്ങൾ നീക്കാൻ ചില പൂജകൾ നടത്തണമെന്ന് മാസങ്ങൾക്കു മുന്‍പെ അമ്മയോടു പറഞ്ഞിരുന്നു. അതാണിപ്പോൾ നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. തിങ്കളാഴ്ച വീട്ടുവളപ്പിൽ തുടങ്ങിയ സർപ്പപൂജ അഞ്ചുദിവസമായിരുന്നു. എല്ലാദിവസവും അതിരാവിലെ തുടങ്ങി രാത്രി വരെ നീളുന്നതായിരുന്നു കർമ്മങ്ങൾ. 


നാടിനെ നടുക്കിയ കുറ്റകൃത്യത്തിലെ പ്രതിയെങ്കിലും മകന് ഒരു സ്വഭാവദൂഷ്യവും ഉണ്ടായിരുന്നില്ല എന്നാണ് അമ്മയുടെ ഭാഷ്യം. ഇപ്പോൾ പറയുന്ന ഈ കൃത്യം ആരെങ്കിലും ചെയ്യിച്ചതാണോ എന്നറിയില്ല. സർപ്പപൂജ എന്തിനു വേണ്ടിയാണെന്നു വ്യക്തമാക്കിയില്ലെങ്കിലും കർമ്മങ്ങൾ തുടങ്ങിയ തിങ്കളാഴ്ച രാത്രിയാണ് ദിലീപിന്റെ അറസ്റ്റ് ഉണ്ടായതെന്നു വീട്ടുകാർ ചൂണ്ടിക്കാട്ടുന്നു



Share this News Now:
  • Google+
Like(s): 116