16 July, 2017 12:59:57 PM


ഇളയ മകന്‍റെ ഭാര്യയുമായി വഴക്കുണ്ടാക്കിയ മൂത്ത മകനെ പിതാവ്‌ വെടിവച്ചു



രാജാക്കാട്‌: സൂര്യനെല്ലിയിൽ ഇളയ മകന്റെ ഭാര്യയുമായി വഴക്കുണ്ടാക്കിയ മൂത്ത മകനെ പിതാവ്‌ വെടിവച്ചു. ഗുരുതരാവസ്ഥയിലായ ബിനു എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ പറയുന്നത്‌ ഇങ്ങനെ: ശനിയാഴ്ച രാത്രി പത്തരയോടെയാണു സംഭവം. റിസോർട്ട്‌ ജീവനക്കാരനായ ഇളയ മകന്റേത്‌ പ്രണയവിവാഹമായിരുന്നു. അവിവാഹിതനായ ബിനുവിനു തുടക്കം മുതലെ ഈ ബന്ധം ഇഷ്ടമായിരുന്നില്ല. സംഭവദിവസം രാത്രി അനുജൻ ജോലിക്കു പോയിരുന്ന സമയം ഇയാൾ പെൺകുട്ടിയുമായി വഴക്കുണ്ടാക്കി. 


ഇതു കണ്ടുനിന്ന പിതാവ്‌ അച്ചൻകുഞ്ഞ് വഴക്കവസാനിപ്പിക്കുവാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ബിനു അനുസരിച്ചില്ല. പ്രകോപിതനായ പിതാവ്‌ ഇതേത്തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്കെടുത്തു മകനു നേർക്കു നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റുവീണ ബിനുവിനെ അയൽവാസികളാണ് ആണ് ആശുപത്രിയിൽ എത്തിച്ചത്‌. ആക്രമണത്തിനു ശേഷം അച്ചൻകുഞ്ഞ്‌ ഒളിവിൽപ്പോയി. ശാന്തൻപാറ പൊലീസ്‌ സ്ഥലത്തെത്തി തോക്ക്‌ കസ്റ്റഡിയിലെടുത്തു. തോക്കിന് ലൈസൻസുള്ളതല്ല. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്‌



Share this News Now:
  • Google+
Like(s): 70