16 July, 2017 10:36:13 AM


അഡ്വ. പ്രതീഷ് ചാക്കോയ്ക്കും അപ്പുണ്ണിയ്ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി



കൊച്ചി: പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും ദിലീപിന്‍റെ സഹായി അപ്പുണ്ണിയെയും കണ്ടെത്താനുളള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കി. നടി ആക്രമണ കേസിന്‍റെ ഗൂഡാലോചനയെക്കുറിച്ചുളള വിവരങ്ങള്‍ ഇരുവരുടെയും മൊഴിയെടുക്കുന്നതിലൂടെ മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. അതേസമയം, ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ എതിര്‍ക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. 


ദിലീപിന്‍റെ അറസ്റ്റിനു മുമ്പു തന്നെ അപ്പുണ്ണി പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും അറസ്റ്റിനു തൊട്ടുപിന്നാലെ വിദഗ്ധമായി മുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ ഭാഷ്യം. കേസിന്‍റെ മുന്നോട്ടുളള പോക്കില്‍ അപ്പുണ്ണിയുടെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുളള ബന്ധം സ്ഥാപിക്കാന്‍ പോന്നത്ര വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അപ്പുണ്ണി പ്രതിയാകാനുളള സാധ്യതയും അന്വേഷണ സംഘം തളളിക്കളയുന്നില്ല. പള്‍സര്‍ സുനിയുടെ അഭിഭാഭഷകന്‍ പ്രതീഷ് ചാക്കോയുടെ സ്ഥിതിയും മറിച്ചല്ല. 


നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കാനായി പ്രതീഷ് ചാക്കോയ്ക്കു കൈമാറിയെന്നാണു സുനിയില്‍നിന്നു പൊലീസിനു ലഭിച്ച വിവരം. ഇക്കാര്യം സ്ഥിരീകരിക്കപ്പെടണമെങ്കില്‍ പ്രതീഷിനെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം പ്രതീഷ് എങ്ങോട്ടു പോയെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനു വ്യക്തതയില്ല. പ്രതീഷിനെയും അപ്പുണ്ണിയെയും ദിലീപിനൊപ്പം ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ ഇരുവരെയും കിട്ടാതായതോടെയാണ് ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം അന്വേഷണ സംഘം കോടതിയില്‍ ഉന്നയിക്കാതിരുന്നത്. 


ഭാവിയില്‍ അപ്പുണ്ണിയെയും പ്രതീഷ് ചാക്കോയെയും കണ്ടെത്തി ഇരുവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ ധാരണ. ഡിജിപി ബി.സന്ധ്യയുടെ കൂടി സൗകര്യമനുസരിച്ചാവും ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവനില്‍നിന്നു മൊഴിയെടുക്കുക. ഗൂഢാലോചനയുമായി ബന്ധമില്ലെങ്കിലും ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. 


അതേസമയം തിങ്കളാഴ്ച ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ കേസ് ഡയറിയടക്കം ഹാജരാക്കി ഈ ജാമ്യാപേക്ഷയെയും ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം



Share this News Now:
  • Google+
Like(s): 63