14 July, 2017 11:22:41 PM


പോലീസും കയ്യൊഴിയുന്നു; പത്ത് ദിവസം മുമ്പ് മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം നീളുന്നു
കോട്ടയം: പത്ത് ദിവസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം പോലീസ് എത്താത്തതിനെതുടര്‍ന്ന് നീളുന്നു. പത്ത് ദിവസം കഴിഞ്ഞിട്ടും ഏറ്റെടുക്കാനാളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇനി ബന്ധുക്കള്‍ എത്തി വിട്ടുകൊടുക്കണമെങ്കില്‍ തന്നെ പോസ്റ്റ്മോര്‍ട്ടം നടക്കേണ്ടതുണ്ട്. ഉത്തരവാദിത്തമേല്‍ക്കുന്നതില്‍ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പമാണ് പോസ്റ്റ്മോര്‍ട്ടം നീളാനിടയാകുന്നത്. 

വണ്ടിപെരിയാര്‍ മേലേത്ത് തൊടിയില്‍ രവിയുടെ ഭാര്യ ദേവിക (25) എന്ന വിലാസത്തില്‍ ജൂണ്‍ 27ന് തിരുവല്ല കെയര്‍ ഹോംനഴ്സിംഗ് സര്‍വ്വീസ് നടത്തിപ്പുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ജൂലൈ നാലിനാണ് മരിച്ചത്. അപസ്മാരരോഗിയായ യുവതിയുടെ ഉള്ളില്‍ അമിതമായി മരുന്ന് ചെന്ന നിലയിലാണ് ഇവിടെ പ്രവേശിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് പോസ്റ്റുമോര്‍ട്ടം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പിടിക്കുന്നതും.  തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് മുഖേന വണ്ടിപെരിയാര്‍ പോലീസില്‍ ബന്ധപ്പെട്ടുവെങ്കിലും ആശുപത്രിയില്‍ നല്‍കിയ വിലാസം തെറ്റാണെന്ന മറുപടിയാണ് ലഭിച്ചത്. വണ്ടിപെരിയാര്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കുമെന്ന ധാരണ അതോടെ ഇല്ലാതായി.  

സംഭവം നടന്നത് ഇവിടെയല്ലാത്തതിനാല്‍ ഗാന്ധിനഗര്‍ പോലീസിനും ഇടപെടാനാവില്ലത്രേ. തുടര്‍ന്ന് ഹോം നഴ്സിംഗ് സ്ഥാപനം മുഖേന നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഹിന്ദുമതം സ്വീകരിച്ച മുസ്ലിം സ്ത്രീ ആണെന്നും ഭര്‍ത്താവിന്‍റെ പേര് രവി എന്നല്ല, രതീഷ് എന്നാണെന്നും അറിയുന്നത്. യുവതിയുടെ മരണവിവരം അറിഞ്ഞ് വിദേശത്തുനിന്നും എത്തിയ രതീഷിന് പക്ഷെ മൃതദേഹം ഏറ്റെടുക്കാനും സാധിക്കുന്നില്ല.  രതീഷും ദേവികയും വിവാഹം കഴിച്ചതിന്‍റെ രേഖകള്‍ ഇല്ലാത്തതാണ് തടസമായത്. 

യുവതിയുടെ ആദ്യവിവാഹം തൊടുപുഴ വണ്ണപ്പുറം സ്വദേശി സിജിയുമായായിരുന്നു. വണ്ടിപെരിയാര്‍ സ്വദേശി അബ്ദുള്ളയുടെ മകള്‍  തന്‍സി സിജിയോടൊപ്പം വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് ഹിന്ദുമതം സ്വീകരിക്കുകയും പേര് ദേവിക എന്നാക്കി മാറ്റുകയും ചെയ്യുകയായിരുന്നു. പിന്നീട് സിജിയും ദേവികയുമായുണ്ടായ വഴക്കുകള്‍ക്കിടയില്‍ പോലീസ് സ്റ്റേഷനിലും മറ്റും മധ്യസ്ഥം പറയാനെത്തിയ അയല്‍വാസിയായ രതീഷുമായി ദേവിക പ്രണയത്തിലാകുകയായിരുന്നു. 

നാടുവിട്ട ഇവര്‍ പല സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചശേഷം പന്തളത്ത് രതീഷിന്‍റെ സഹോദരന്‍ ജയന്‍റെ വീടിനടുത്ത് താമസമാക്കി. ഇതിനിടെ രതീഷ് ജോലിക്കായി വിദേശത്ത് പോയി. രതീഷ് പോയ ശേഷം ദേവിക ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. രതീഷിന്‍റെ സഹോദരന്‍ ജയനാണ് തിരുവല്ലയിലെ കെയര്‍ ഹോം നഴ്സിംഗ് സര്‍വ്വീസില്‍ ദേവികയെ ജോലിയ്ക്ക് കയറ്റിയത്. ജൂണ്‍ 27ന് ഇവിടെ വെച്ച് അസുഖം ഉണ്ടായതിനെ തുടര്‍ന്ന് ഹോം നഴ്സിംഗ് സ്ഥാപന നടത്തിപ്പുകാര്‍ ദേവികയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ജൂലൈ 4ന് വൈകിട്ട് 6.50നാണ് യുവതി മരണപ്പെട്ടത്. ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ പോലീസ് എത്തിയില്ലെങ്കില്‍ പോസ്റ്റ്മോര്‍ട്ടം അനന്തമായി നീളുവാനാണ് സാധ്യത. വണ്ടിപെരിയാര്‍ പോലീസ് കയ്യൊഴിഞ്ഞ സ്ഥിതിക്ക് ഇനി തിരുവല്ല പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കാവുന്നതാണ്. യുവതിക്ക് അസുഖം വന്നത് തിരുവല്ലയില്‍ വെച്ചായതുകൊണ്ടും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനം തിരുവല്ലയിലായതിനാലുമാണിത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലും മൃതദേഹം ആര്‍ക്കു വിട്ടുകൊടുക്കുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. ദേവിക എന്ന തന്‍സിയുടെ വീട്ടുകാരെ ബന്ധപ്പെട്ടുവെങ്കിലും അവരും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല.

ഭര്‍ത്താവോ ബന്ധുക്കളോ ഏഴ് ദിവസത്തിനകം മൃതദേഹം ഏറ്റു വാങ്ങുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ സംസ്കരിക്കുമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. 

- പി.ഷണ്‍മുഖന്‍Share this News Now:
  • Google+
Like(s): 210