14 July, 2017 09:32:15 PM


മലയാളസിനിമയില്‍ വിപ്ലവഗാനം ആദ്യമെഴുതിയത് അഭയദേവ് : ശ്രീകുമാരന്‍തമ്പി




കോട്ടയം: മലയാളസിനിമയില്‍ ആദ്യമായി വിപ്ലവഗാനമെഴുതിയത് അഭയദേവാണെന്ന് കവിയും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി. കവിയും തിരക്കഥാകൃത്തും നിഖണ്ടു നിര്‍മ്മാതാവുമൊക്കെയായിരുന്ന  അഭയദേവിന്‍റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണിഹാളില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

1952ല്‍ റിലീസ്ചെയ്ത ആത്മശാന്തി എന്ന ചിത്രത്തിനുവേണ്ടിയാണ് അഭയദേവ് -
മാറുവതില്ലേ ലോകമേ പാരില്‍
മാനവരെ രണ്ടായ് അകറ്റിടുമീ നീതി
മാറുവതില്ലേ ലോകമേ പാരില്‍
ചെന്നിണം നീരാക്കി
ജീവിതം പാഴാക്കി
വേലചെയ് വോനൊടുവില്‍
തിണ്ടാടും നീതി  
മാളികമേലെ ഒരുവന്‍ - പൊന്നിന്‍
മാളികമേലെ ഒരുവന്‍ -താഴെ
പാഴ്മരച്ചോട്ടില്‍ പട്ടിണിയായ് ഏകന്‍
പാഴ്മരച്ചോട്ടില്‍ പട്ടിണിയായ് ഏകന്‍
ധരയെ താരാട്ടി
ജന്മിയെ ചോറൂട്ടി
പാടുപെടും കര്‍ഷകന്‍
തിണ്ടാടും നീതി
എന്ന വിപ്ലവഗാനം എഴുതിയത്. ടി  ആര്‍ പാപ്പ ഈണമിട്ട ഗാനം പാടിയത് എ പി കോമളയാണ്. ഋഷഭപ്രിയരാഗത്തില്‍ കമ്പോസ് ചെയ്തഗാനം ഈണംകൊണ്ട് വിപ്ലവഗാനമായി തോന്നുകില്ലായിരിക്കാം. എന്നാല്‍ അതിലെ സാഹിത്യത്തിലാണ് വിപ്ലവം.

ജി ശങ്കരക്കുറുപ്പും പുത്തന്‍കാവുമാത്തന്‍ തരകനുമൊക്കെ അടിയറവു പറഞ്ഞയിടത്ത് വെള്ളിനക്ഷത്രത്തില്‍ തുടക്കം കുറിച്ചെങ്കിലും നല്ലതങ്കയിലൂടെ, സിനിമാഗാനമെഴുതേണ്ടതെങ്ങനെയെന്ന് വരുംതലമുറയ്ക്കു മാതൃകകാട്ടിയ കവിയായിരുന്നു അഭയദേവ്. അന്യഭാഷാചിത്രങ്ങളെ മലയാളത്തിലേയ്ക്കു ആദ്യമായി മൊഴിമാറ്റം നടത്തിയതും അഭയദേവായിരുന്നു.

കോട്ടയത്തുകാര്‍ ഒരു അഭയദേവ് ഗാനങ്ങളുടെ ആലാപനം സംഘടിപ്പിച്ചാല്‍ താന്‍ ആ പരിപാടിയുടെ അവതാരകനാകാമെന്നു പറഞ്ഞുകൊണ്ടാണ്  ‌ഒന്നര മണിക്കൂറിലേറെ നീണ്ട പ്രഭാഷണം ശ്രീകുമാരന്‍തമ്പി അവസാനിപ്പിച്ചത്.

പ്രഭാഷണത്തിനിടയ്ക്ക് ചുരിദാര്‍ പഞ്ചാബികളുടെ പരമ്പരാഗതവേഷമാണെന്നും അതു കേരളീയവനിതകള്‍ക്കു ചേര്‍ന്നതല്ലെന്നും പറഞ്ഞു. മലയാളഭാഷതന്‍ മാദകഭംഗിയെന്ന ഗാനത്തില്‍ കിളികൊഞ്ചും നാടിന്‍റെ ഗ്രാമീണശൈലി നിന്‍ പുളിയിലക്കരമുണ്ടില്‍ തെളിയുന്നു എന്നു താനെഴുതിയത് അബദ്ധമായിപ്പോയെന്ന് കേരളീയവേഷം ധരിച്ച ആരെയും അവിടെ കാണാത്തത്  സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം തുറന്നടിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K