14 July, 2017 02:09:08 PM


വനമേഖലയില്‍ കനത്ത മഴ: മലയോരങ്ങളിൽ വെള്ളച്ചാട്ടങ്ങൾ സജീവമായി




വടക്കഞ്ചേരി: വനമേഖലയിലുണ്ടാകുന്ന കനത്ത മഴയെ തുടർന്ന് മലയോരങ്ങളിലെ വെള്ളച്ചാട്ടങ്ങൾ സജീവമായി. ഇതോടെ ഒഴിവുദിവസങ്ങളിൽ കാനനകാഴ്ച കാണാനെത്തുന്നവരില്‍ വൻവർധനനയാണ് ഉണ്ടാകുന്നത്. കടപ്പാറയ്ക്കടുത്ത പ്രദേശങ്ങളിലാണ് ചെറുതും വലുതുമായി അരഡസൻ വെള്ളച്ചാട്ടങ്ങളുള്ളത്. 

കടപ്പാറയിൽനിന്നും മൂന്നു കിലോമീറ്ററോളം ദൂരം അകലെ വനത്തിനകത്തെ തളികകല്ല് ആദിവാസികോളനി വഴിക്കു സമീപത്തെ ആലിങ്കൽ വെള്ളച്ചാട്ടമാണ് ഇതിൽ ഏറ്റവും ഉയർന്നത്. 150 അടി ഉയരത്തിൽനിന്നാണ് ഇവിടെ വെള്ളം താഴേയ്ക്ക് പതിക്കുന്നത്. വനത്തിൽനിന്നും ഉത്ഭവിക്കുന്ന വെള്ളമാണ് ആലിങ്കൽ വെള്ളച്ചാട്ടം വഴി കടപ്പാറ തോട്ടിലെത്തി രണ്ടാംപുഴയിലൂടെ മംഗലംഡാം റിസർവോയറിലെത്തുന്നത്. 

കൂറ്റൻ കരിമ്പാറകളിൽ തട്ടി ചിന്നിചിതറി വെള്ളപ്പട്ട് പുതച്ചമട്ടിലാണ് ആലിങ്കൽ വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള ഭാഗം. ഇതിനടുത്ത് മറ്റൊരു ജലപാതവുമുണ്ട്. മറ്റൊന്നു പോത്തംതോടിനു മുകളിലും. ഇതിനിടയ്ക്ക് കോളനിവഴിയിൽ വേറെയും ഒന്നുരണ്ടു നല്ല വെള്ളച്ചാട്ടങ്ങൾ കൂടി കാണാനാകും. പ്രദേശങ്ങൾ അറിയുന്നവർ ആരെങ്കിലുമുണ്ടെങ്കിലേ ഇതിന്‍റെയെല്ലാം അടുത്ത് എത്താനാകൂ. കാട്ടുചോലകൾ താണ്ടി വേണം വെള്ളച്ചാട്ടങ്ങളുടെ അടുത്തെത്താൻ. 

ചോലകളിൽ പാറക്കുഴികളുള്ളതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്. ആൾ താമസമില്ലാത്ത പ്രദേശങ്ങളായതിനാൽ ശബ്ദമുണ്ടാക്കിയാൽ പോലും ആരും കേൾക്കില്ല. അതിനു പുറമേ വെള്ളത്തിന്‍റെ ഒഴുക്കു മൂലമുള്ള ശബ്ദവും വിളികേൾക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. അല്പം സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക് യാത്ര രസം പകരും. പോത്തംതോട്, തളികകല്ല്, ആലിങ്കൽ എന്നീ മൂന്നു കാട്ടുചോലകൾ സംഗമിക്കുന്ന തിപ്പിലിക്കയവും ഇവിടത്തെ കൗതുക കാഴ്ചയാണ്. നിലയില്ലാത്ത കയമാണിത്. 


Share this News Now:
  • Google+
Like(s): 107